തളിപ്പറമ്പ്: വോട്ടെടുപ്പിനിടെ തളിപ്പറമ്പ് മേഖലയിലെ ചിലയിടങ്ങളിൽ സംഘർഷം. ആന്തൂർ നഗരസഭയിൽ അയ്യങ്കോൽ, കടമ്പേരി എന്നിവിടങ്ങളിലായിരുന്നു സംഘർഷം. കടമ്പേരി യു.പി സ്‌കൂളിൽ നടന്ന അയ്യങ്കോൽ വാർഡ് വോട്ടെടുപ്പിൽ ഓപ്പൺ വോട്ട് രേഖപ്പെടുത്തുന്നതിനെ ചൊല്ലിയാണ് മുസ്ലിം ലീഗ്-സി.പി.എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സ്‌കൂളിന് പുറത്ത് കൂട്ടം കൂടി നിന്ന പ്രവർത്തകരെയാണ് ലാത്തി വീശി വിരട്ടി ഓടിച്ചു. എട്ടാം വാർഡായ പീലേരിയിലെ ബൂത്തായ കടമ്പേരി എ.എൽ.പി സ്‌കൂളിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. പൊലീസ് രണ്ട് തവണ ലാത്തി വീശി ഇവരെ വിരട്ടിയോടിച്ചു.

പരിയാരം പഞ്ചായത്തിലെ ആറാം വാർഡായ തലോറയിലും ഏഴാം വാർഡായ മാവിച്ചേരിയിലും ബൂത്തിന് സമീപം കൂട്ടംകൂടി നിന്ന ഇരു വിഭാഗത്തിലും പെട്ടവരെ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. രാവിലെ മാവിച്ചേരി ഗവ.എൽ.പി സ്‌കൂളിലെ ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റ് നിസാറിനെ ഒരു സംഘം സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് സി.പി.വി.അബ്ദുള്ള എന്നിവർ സ്ഥലത്തെത്തി.

സതീശൻ പാച്ചേനി വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസെത്തി ബൂത്തിന് പുറത്ത് നിന്നവരെ വിരട്ടിയോടിച്ചു. ബൂത്ത് ഏജന്റിന് പിന്നീട് സുരക്ഷ നല്കി. വൈകുന്നേരത്തോടെ തലോറ വാർഡ് പോളിംഗ് സ്‌റ്റേഷനായ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വലിയതോതിൽ വോട്ടർമാർ എത്തിയതോടെ ബൂത്തിന് പുറത്ത് സംഘടിച്ചു നിന്ന സി.പി.എം പ്രവർത്തകരെ എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ലാത്തിവീശി ഓടിച്ചു.

പരിയാരം പഞ്ചായത്ത് നാലാം വാർഡായ ചെറിയൂരിൽ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. മുസ്ലിം സ്ത്രീകളാണ് ഇവിടെ വലിയ തോതിൽ വോട്ട് ചെയ്യാനെത്തിയത്. കൂവേരി, കൊട്ടക്കാനം, പടപ്പേങ്ങാട്, പൂമംഗലം, കാലിക്കടവ്, ചവനപ്പുഴ എന്നീ പ്രദേശങ്ങളിലെ ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ചെറിയൂർ ഹൈസ്‌കൂൾ ബൂത്തിൽ അരമണിക്കൂറോളം വോട്ടിംഗ് മെഷീൻ പണിമുടക്കിയെങ്കിലും പിന്നീട് പരിഹരിച്ചു.