കൂത്തുപറമ്പ്: കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കൂത്തുപറമ്പ് മേഖലയിൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. ഉയർന്ന പോളിംഗാണ് മിക്ക ബൂത്തുകളിലും രേഖപ്പെടുത്തിയത്. വോട്ടിംഗ് മെഷീനിലെ തകരാറിനെ തുടർന്ന് ചുരുക്കം ബൂത്തുകളിൽ അൽപ്പസമയം വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ആമ്പിലാട് സൗത്ത് എൽ.പി സ്ക്കൂളിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന രണ്ടാം നമ്പർ ബൂത്ത്, കോട്ടയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം വാർഡ് ബൂത്ത്, മാലൂർ പനമ്പറ്റ സ്ക്കൂൾ ബൂത്ത്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ അമ്പായക്കാട് വാർഡ് ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിങ് മെഷീനിലെ തകരാറിനെ തുടർന്ന് പോളിംഗ് തടസ്സപ്പെട്ടത്.

പകരം മെഷീൻ സ്ഥാപിച്ചാണ് അര മണിക്കൂറിനകം ഇവിടങ്ങളിൽ വോട്ടെടുപ്പ് പുനസ്ഥാപിച്ചത്. ഏതാനും ബൂത്തുകളിൽ സ്ഥാനാർത്ഥികളുടെ ഏജൻ്റുമാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നും അൽപ്പസമയം പോളിംഗ് നടപടികൾ തടസ്സപ്പെട്ടിരുന്നു. നഗരസഭയിലെ നാലാം വാർഡായ നരവൂർ എൽ.പി സ്ക്കൂളിൽ വോട്ട്ചാലഞ്ച് ചെയ്തതിനെ തുടർന്ന് അര മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു.

ഇതിനെ തുടർന്ന് വോട്ട് ചെയ്യാനെത്തിയ കൊവിഡ് രോഗികൾ അര മണിക്കൂറോളം വാഹനത്തിൽ കഴിയേണ്ടിവന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് സി.ഐ വിനുമോഹൻ, എസ്.ഐ പി ബിജു എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ശക്തമായ മത്സരം നടക്കുന്ന മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവ്വേലി വാർഡ്, അയ്യപ്പൻ തോട് വാർഡ്, കോട്ടയം പഞ്ചായത്തിലെ കിണവക്കൽ വാർഡ് എന്നിവിടങ്ങളിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. പ്രശ്നസാധ്യതാ ബൂത്തുകളിൽ വൻ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരുന്നത്.