പയ്യന്നൂർ: എരമം - കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കുറ്റൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മാതമംഗലം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ശ്രീധരൻ ആലന്തട്ടയെ (39)യാണ് പരിക്കുകളോടെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 4.10 ഓടെയാണ് സംഭവം.

കുറ്റൂർ യു.പി.സ്കൂളിലെ ബൂത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി ആൻസി മാത്യുവിന്റെ ബൂത്ത് ഏജന്റുകൂടിയായ ശ്രീധരനെ ബൂത്തിൽ കയറി മർദ്ദിച്ചതായാണ് പരാതി. കള്ളവോട്ട് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് യു.ഡി.എഫ് - നേതാക്കൾ പറഞ്ഞു. പയ്യന്നൂർ നഗരസഭയിലെ 44ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും ബൂത്ത് ഏജന്റുമായ പി.ടി.പി സജിദയെ ഒരു സംഘം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും ചീഫ് ഏജന്റ് ടി.കെ. മുഹമ്മദ് റിയാസിനെ മർദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. വ്യാപകമായ ഓപ്പൺ വോട്ടും മറ്റും ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്ന് നേതാക്കൾ പറഞ്ഞു.

നഗരസഭ മൂന്നാം വാർഡായ വെള്ളൂർ ഈസ്റ്റ്‌ ജനത സൊസൈറ്റി ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കച്ചേരി രമേശൻ, ബൂത്ത് ഏജന്റ് എന്നിവരെ പോളിംഗ് സ്റ്റേഷനിൽ ഒരു സംഘം മർദ്ദിച്ചതായും പരാതിയുണ്ട്. തായിനേരിയിൽ മുൻ കൗൺസിലർ കൂടിയായ മുസ്‌ലിം ലീഗിലെ എം.കെ.ഷമീമയെ ഒരു സംഘം തടഞ്ഞുവെച്ചതായി യു.ഡി.എഫ് ആരോപിച്ചു.

രാമന്തളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ബൂത്തിൽ യു.ഡി.എഫ് ഏജൻ്റുമാരായ ടി.പി. അഫ്സൽ, സി.എം.കെ. കമറുസമാൻ എന്നിവർക്ക് മർദ്ദനമേറ്റു. കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷയെ മർദ്ദനമേറ്റ പരിക്കുകളോടെ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.