car-hit

ചന്തേര(കാസർകോട്): അമിതവേഗതയിൽ ഓടിച്ചു വന്ന കാർ ഇടിച്ചു കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സുധാകരന് പരിക്കേറ്റു. കൂടെയുണ്ടായിരുന്ന പൊലീസുകാർ അദ്ദേഹത്തെ ഉടൻ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷക്ക് ശേഷം മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല.

ഇന്നലെ രാത്രി എട്ട് മണിയോടെ ചന്തേര ഗവ. യു.പി സ്കൂളിന് മുമ്പിലാണ് അപകടം. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പുറത്തു റോഡരികിൽ ഉണ്ടായിരുന്നവരെ ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ പൊലീസ് സ്റ്റേഷൻ ഭാഗത്ത് നിന്ന് അതിവേഗതയിൽ ഓടിച്ചു വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സുധാകരന്റെ കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്. സംഭവ ശേഷം നിറുത്താതെ ഓടിച്ചു പോയ കാർ തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. കൊടക്കാട് വെള്ളച്ചാൽ സ്വദേശിയുടേതാണ് കാറെന്ന് ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ പറഞ്ഞു.