
പാപ്പിനിശേരി: വർഷങ്ങളായി ഉപ്പുവെള്ളം കുടിച്ച് മടുത്ത ഒരു നാടിനെ മോചിപ്പിക്കാൻ ഇനി ആരു വരും. പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കയറി തുരുത്തി കോളനിയിലെ മുന്നൂറോളം കുടുംബങ്ങളാണ് കുടിവെള്ളം മുട്ടികഴിയുന്നത്. വേനൽക്കാലമാകുമ്പോൾ ഇതു കൂടുതൽ രൂക്ഷമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങളായി ഇവിടുത്തെ കുടുംബങ്ങൾ ഉപ്പുവെള്ളം കയറൽ ഭീഷണി നേരിടുകയാണ്.
ജലസേചന വകുപ്പിന്റെ പൈപ്പ്‌ലൈനും ഇപ്പോൾ ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനുമാണ് കോളനിയിലെ വീട്ടുകാർക്ക് ആശ്രയം. കിണറുകൾ ഉണ്ടെങ്കിലും ഉപ്പുവെള്ളം കയറുന്നതിനാൽ ഉപയോഗിക്കാൻ പറ്റാറില്ല. കിണറുകളിൽ വേനൽക്കാലമാകുമ്പോൾ പലയിടത്തും വെള്ളം വറ്റിത്തുടങ്ങും. പച്ചക്കറി കൃഷിക്ക് പോലും ഉപയോഗിക്കാൻ കഴിയാത്തത്രയും മോശം രീതിയിൽ കിണർ വെള്ളം മലിനമായി മാറുന്നുമുണ്ട്.
വളപട്ടണം പുഴയുടെ ഭാഗമായ തുരുത്തി മുണ്ടോൻ കണ്ടിപ്പാലത്തിന് ഷട്ടർ സംവിധാനം ഇല്ലാത്തതിനാലാണ് കോളനിയിലെ കിണറുകളിൽ ഉപ്പുവെള്ളമെത്തുന്നത്. ഷട്ടർ സംവിധാനം ഏർപ്പെടുത്തണമെന്നും ഉപ്പുവെള്ളത്തിൽ നിന്നു മോചനം വേണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മരപ്പലകകൾ വച്ച് ബണ്ട് കെട്ടി മണ്ണ് നിറയ്ക്കാൻ ക്വട്ടേഷൻ കൊടുക്കുന്ന രീതിയാണ് ഇപ്പോഴും ഇവിടെ. അശാസ്ത്രീയമായ ഈ രീതി മരമില്ല് വ്യവസായികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പലപ്പോഴും വെള്ളം അധികമായി കയറിയാൻ പെട്ടെന്ന് തുറന്നുവിടാൻ പോലും പ്രയാസമാണ്.
പ്രതീക്ഷ പുതിയ ഭരണസമിതിയിൽ
വേനൽക്കാലമായാൽ ഇവിടെയുള്ളവർ വയലുകളിൽ പച്ചക്കറികൃഷി നടത്താറുണ്ട്. കാലാകാലമായി തുരുത്തിയിലുള്ളവർക്ക് അവിടെയുള്ള വയലുകളിൽ പോലും പച്ചക്കറികൃഷി നടത്താൻ കഴിയാത്ത അവസ്ഥയാണ്. പുതുതായി അധികാരമേൽക്കുന്ന പഞ്ചായത്ത് ഭരണസമിതിയെങ്കിലും ഈ പഴഞ്ചൻ രീതി ഒഴിവാക്കി ശാസ്ത്രീയമായ രീതിയിൽ നല്ല ഷട്ടർ സംവിധാനത്തോടു കൂടിയ ഒരു പാലം മുണ്ടോൻകണ്ടിയ്ക്ക് പണിത് ഉപ്പ് വെള്ളം കയറുന്നതിന് പരിഹാരമുണ്ടാക്കുമെന്ന പ്രത്യാശയിലാണ് പ്രദേശവാസികൾ.