തളിപ്പറമ്പ്: ആത്മവിശ്വാസത്തോടെ തളിപ്പറമ്പ് നഗരസഭയിൽ നിലമെച്ചപ്പെടുത്തുമെന്ന അവകാശവാദവുമായി മുന്നണികൾ. ആകെയുള്ള 34 വാർഡുകളിൽ മുസ്ലിം ലീഗിന്റെ 15 വാർഡുകളിൽ ഒരു തരത്തിലുള്ള അട്ടിമറിയും ആരും പ്രതീക്ഷിക്കുന്നില്ല. മറ്റ് 18 വാർഡുകളിൽ കോൺഗ്രസ് ജയിച്ച് വന്ന 7 വാർഡുകളിലും സി.പി.എം ജയിച്ച ഒരു വാർഡിലുമാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും കണ്ണുവയ്ക്കുന്നത്.
11 വാർഡിൽ നേരത്തെ വിജയിച്ച സി.പി.എം ഇപ്രാവശ്യം രണ്ട് വാർഡുകൾ കൂടി നേടുമെന്ന ആത്മവിശ്വാസത്തിലാണ്. പുഴക്കുളങ്ങര, കാക്കാഞ്ചാൽ വാർഡുകളിലാണ് മുന്നണിയുടെ പ്രതീക്ഷ. ഇത്തവണ എൽ.ഡി.എഫ് കൂവോട് വാർഡ് എതിരില്ലാതെയാണ് നേടിയത്. നിലവിൽ കോൺഗ്രസിന്റെ കൈയിലുള്ള പാലകുളങ്ങര, തൃച്ചംബരം വാർഡുകൾ പിടിച്ചെടുക്കുന്നതോടൊപ്പം സിറ്റിംഗ് സീറ്റായ കോടതിമൊട്ട നിലനിർത്താൻ സാധിക്കുമെന്നതാണ് ബി.ജെ.പി വാദം.
പൂക്കോത്ത്‌തെരു, നേതാജി, പാളയാട്, പുഴക്കുളങ്ങര സീറ്റുകൾ നിലനിർത്തുമെന്ന് പറയുന്ന കോൺഗ്രസ് കാക്കാഞ്ചാലിൽ മത്സരം പ്രവചനാതീതമെന്ന് സമ്മതിക്കുന്നു. സി.പി.എമ്മിൽ നിന്ന് ഏഴാംമൈൽ വാർഡ് ഇത്തവണ പിടിക്കുമെന്നാണ് മുസ്ലിംലീഗിന്റെ അവകാശവാദം.