ചെറുവത്തൂർ: തദ്ദേശ വോട്ടെടുപ്പിന് ശേഷം രാത്രി കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കി. പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കാടങ്കോട് നെല്ലിക്കാലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.വി ഇന്ദുലേഖയുടെ ഭർത്താവും വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ പത്തിൽ സുരേശന്റെ ഓട്ടോറിക്ഷയാണ് അഗ്നിക്കിരയാക്കിയത്.
കാവുംചിറയിലെ വീട്ടു പരിസരത്ത് നിർത്തിയിട്ടിരുന്ന റിക്ഷയാണ് കത്തിച്ചത്. ഓട്ടോ പൂർണ്ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. ഒൻപതാം വാർഡ് കുട്ടമത്ത് സ്കൂളിലെ യു.ഡി.എഫ് വനിതാ പോളിംഗ് ഏജന്റിന് നേരെ മുളകുപൊടി വിതറിയിരുന്നു. ഇതിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. സി. ശാരദ (63) യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.