തളിപ്പറമ്പ്: നേതൃത്വത്തിന്റെ അറിവോടെ നടത്തുന്ന അക്രമങ്ങൾക്ക് നേതൃത്വത്തിനെതിരെ തന്നെ തിരിച്ചടി നൽകി പ്രതിരോധിക്കുമെന്ന് യു.ഡി.എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫ് സമാധാനമാണ് ആഗ്രഹിക്കുന്നത്. ജനാധിപത്യ വിശ്വാസികളുടെയും പ്രവർത്തകരുടെയും താൽപര്യം സംരക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കണമെന്ന് യു.ഡി.എഫ് ആഗ്രഹിച്ചത് ബലഹീനതയായി കാണേണ്ട.
തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ അക്രമത്തിൽ പരിയാരം പഞ്ചായത്ത് തലോറ വാർഡ് സ്ഥാനാർത്ഥിയും വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ പി. സാജിദ, അഷറഫ് പുളുക്കൂൽ, എം. സിയാദ് എന്നിവർക്ക് പരുക്കേറ്റിരുന്നു. മുൻ പ്രയിഡന്റ് എ. രാജേഷ്, അജു, പ്രകാശൻ തലോറ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. തലോറ, ചെറിയൂർ, പനങ്ങാട്ടൂർ, കുറ്റിയേരി, മാവിച്ചേരി, വെള്ളാവ് എന്നീ ബൂത്തുകളിൽ സി.പി.എം കളളവോട്ട് ചെയ്തിരുന്നു. ഇതിൽ തലോറ യു.ഡി.എഫ് ശക്തമായി പ്രതിരോധിച്ചതോടെ കള്ളവോട്ട് ചെയ്യാൻ പറ്റാതായതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയത്.
12 സീറ്റുകൾ നേടി പരിയാരം പഞ്ചായത്ത് ഭരണം പിടിച്ചടുക്കുമെന്നും യു.ഡി.എഫ് പരിയാരം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.വി അബ്ദുൽ ഷുക്കൂർ പറഞ്ഞു. എം. കുഞ്ഞിക്കണ്ണൻ, ബഷീർ എം. പൊയിൽ, പി.വി സജീവൻ, സുരേഷ് പാച്ചേനി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.