തൃക്കരിപ്പൂർ: ത്രിതല പഞ്ചായത്ത് വിധി നിർണ്ണയം ഇന്ന് വരാനിരിക്കെ തീരദേശ പഞ്ചായത്തായ വലിയപറമ്പ് ഇത്തവണ ആര് ഭരിക്കും എന്ന ചർച്ച സജീവമാവുകയാണ്. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതിക്കാണ് കഴിയഞ്ഞ തവണ പഞ്ചായത്തിന്റെ നിയന്ത്രണം ലഭിച്ചത്. ആകെയുള്ള 13 സീറ്റിൽ യു.ഡി.എഫ് ഏഴും സീറ്റു നേടിക്കൊണ്ടാണ് ഭരണം കൈവശപ്പെടുത്തിയത്.
എൽ.ഡി.എഫ് ആറു സീറ്റു നേടി. ലീഗിന്റെ പ്രമുഖ നേതാവ് ഉസ്മാൻ പാണ്ഡ്യാല മത്സരിക്കുന്ന പത്താം വാർഡിൽ ,പാണ്ഡ്യാല കുടുംബത്തിൽ നിന്നുള്ള ഒരു ലീഗിന്റെ വിമത സ്ഥാനാർത്ഥി രംഗത്തെത്തിയതാണ് ഇത്തവണത്തെ വിധി നിർണ്ണയത്തിൽ ഏറെ പ്രാധാന്യമുള്ള സംഭവമായി മാറിയത്. യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന ഖാദർ പാണ്ഡ്യാല ഈ വാർഡിൽ സ്ഥാനാർത്ഥിയായി എത്തിയതോടെ എൽ.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചത് മത്സരത്തിന് കൊഴുപ്പേകാൻ ഇടയാക്കി.
കഴിയഞ്ഞ തവണ 83 ശതമാനം വോട്ടുകളാണ് ആകെ പോൾ ചെയ്തതെങ്കിൽ ഇത്തവണ വോട്ടിംഗ് നില 87 ആയി ഉയർന്നു. ഇടതുപക്ഷം ശക്തമായ പിന്തുണയോടെ സജീവമായി രംഗത്തെത്തിയതും വോട്ടിംഗ് ശതമാനം ഉയർന്നതും അനുകൂലമായ ഘടകമാണെന്നാണ് തറവാട്ടുകാരനെതിരെ മത്സരിക്കുന്ന ഖാദർ പാണ്ഡ്യാല പറയുന്നത്. എന്നാൽ വിധി തനിക്കനുകൂലമായിരിക്കുമെന്നാണ് ഉസ്മാന്റെ നിലപാട്.
ഒരു സീറ്റിന്റെ പിൻബലത്തിലാണ് കഴിഞ്ഞ തവണ ഭരണം എൽ.ഡി.എഫിനെ കൈവിട്ടതെങ്കിൽ ഇക്കുറി ഖാദർ പാണ്ഡ്യാലയിലൂടെ ഇത് നേടിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.