കണ്ണൂർ: കൊവിഡിനെ തുടർന്ന് നിർത്തിവച്ച മാവേലി, മലബാർ എക്സ്പ്രസുകളും ചെന്നൈ സൂപ്പർഫാസ്റ്റും ഓടാൻ തുടങ്ങിയതിന് പിന്നാലെ ഇന്ന് മുതൽ തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസും ഓടിത്തുടങ്ങും. ഇന്ന് രാത്രി 8.50ന് തിരുവനന്തപുരത്ത് നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിൻ 17ന് രാവിലെ 8.33ന് പയ്യന്നൂരിൽ എത്തും.
തിരിച്ച് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിൻ 19 മുതൽ വൈകിട്ട് 4.08 ന് പയ്യന്നൂരിൽ എത്തും. മറ്റു ട്രെയിനുകളിൽ നിലവിലുള്ളതുപോലെ യാത്രയ്ക്കായി റിസർവേഷൻ ടിക്കറ്റ് മാത്രമാണ് അനുവദിക്കുന്നത്. ട്രെയിനുകൾ ഓടാൻ തുടങ്ങിയതോടെ എട്ട് മാസത്തിന് ശേഷം റെയിൽവേ സ്റ്റേഷനുകൾ സജീവമായി തുടങ്ങിയിട്ടുണ്ട്. കാറ്ററിംഗ് സ്റ്റാളുകളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുവാൻ റെയിൽവേ അനുമതി നൽകി.