പാനൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനവുമായി ബന്ധപ്പെട്ട് പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ആഹ്ളാദ പ്രകടനം വൈകുന്നേരം 5.00 മണിവരെ മാത്രം. അതാത് വാർഡുകളിൽ മാത്രമേ ആഹ്ളാദ പ്രകടനം നടത്താൻ പാടുള്ളൂ. ആഹ്ളാദ പ്രകടനത്തിനൊപ്പം ബൈക്ക് കാർ റാലികൾ പാടില്ല.
ആഹ്ളാദ പ്രകടനത്തിന്റെ കൂടെ നേതാക്കന്മാരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണം. ആഹ്ളാദ പ്രകടനത്തിൽ മൈക്ക് ഉപയോഗിക്കാൻ പാടില്ല. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണം. എതിർ പാർട്ടിക്കാരുടെ/ സ്ഥാനാർത്ഥിയുടെ വീടിന് മുന്നിലോ, ഓഫീസിന് മുന്നിലോ പോയി മുദ്രാവാക്യം വിളിക്കാനോ അവരെ അവഹേളിക്കുന്ന തരത്തിൽ പെരുമാറാനോ പാടില്ല.
റോഡ് ബ്ലോക്ക് ചെയ്ത് ആഹ്ളാദ പ്രക്ടനം നടത്താൻ പാടില്ല. കൊവിഡ് മാനദണ്ഡം അനുസരിച്ച് മാത്രമേ ആഹ്ളാദ പ്രകടനം നടത്താൻ പാടുള്ളൂ. യോഗത്തിൽ പാനൂർ പൊലീസ് ഇൻസ്‌പെക്ടർ ഫായിസ് അലി അദ്ധ്യക്ഷത വഹിച്ചു.
പാനൂർ എസ്.ഐ ഗണേശൻ, പി.ആർ.ഒ ദേവദാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.