election

കണ്ണൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന കണ്ണൂരിൽ അഭിമാനകരമായ ജയം നേടി ഇടതുമുന്നണി. ഒരു വോട്ടിന്റെ ബലത്തിൽ ഭരിച്ചിരുന്ന കണ്ണൂർ കോർപ്പറേഷനിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയതാണ് യു.ഡി.എഫിന്റെ ആശ്വാസം.

ജില്ലാ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ഇടത് ആധിപത്യമാണ്. നഗരസഭകളിൽ എട്ടെണ്ണത്തിൽ അഞ്ചിൽ എൽ.ഡി. എഫും മൂന്നിൽ യു.ഡി.എഫും ഭരണം നിലനിർത്തി.

തളിപ്പറമ്പ് നഗരസഭ, തലശേരി നഗരസഭ എന്നിവിടങ്ങളിലും ഏതാനും ഗ്രാമ പഞ്ചായത്തുകളിലും നില മെച്ചപ്പെടുത്തിയ ബി.ജെ.പി കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി അക്കൗണ്ട് തുറന്നു. കേരള കോൺഗ്രസിന്റെ മുന്നണിമാറ്റം മലയോരത്തെ ഫലത്തിൽ പ്രതിഫലിച്ചു. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്റെ കുത്തക ഡിവിഷനായ ആലക്കോട് കേരള കോൺഗ്രസിലെ ജോയി കൊന്നക്കൽ യു.ഡി.എഫിൽ നിന്നു തിരിച്ചു പിടിച്ചു. ഉദയഗിരി പഞ്ചായത്ത് ഭരണവും ഇടതുമുന്നണി പിടിച്ചെടുത്തു. മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിൽ 19 സീറ്റും നേടി ഇടതുമുന്നണി ചരിത്ര വിജയം നേടി.

കോർപ്പറേഷനിൽ യു.ഡി.എഫിന് വൻമുന്നേറ്റം

സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ യു.ഡി.എഫിന് ആശ്വാസം പകർന്ന വിജയമാണ് കണ്ണൂരിലേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതന്റെ വോട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച സാഹചര്യം ഒഴിവാക്കാൻ അരയും തലയും മുറുക്കിയാണ് ഇരുമുന്നണികളും രംഗത്തിറങ്ങിയത്.

യു.ഡി.എഫിന് വിമതർ ഭീഷണി ഉയർത്തിയ നാല് വാർഡുകളിൽ ഒരിടത്ത് മാത്രമാണ് കാലിടറിയത്. കാനത്തൂരിൽ കോൺഗ്രസ് വിമതൻ കെ. സുരേഷാണ് വിജയിച്ചത്. ഇവിടെ യു.ഡി.എഫിന് മൂന്നാംസ്ഥാനമാണ്. യു.ഡി.എഫ് മേയർ സ്ഥാനാർത്ഥികളാകാൻ സാദ്ധ്യതയുള്ള മാർട്ടിൻ ജോർജ്, പി.കെ. രാഗേഷ്, ടി.ഒ. മോഹനൻ എന്നിവരും വിജയിച്ചു. പള്ളിക്കുന്ന് ‌ഡിവിഷനിൽ യു.ഡി.എഫിന്റെ ടി. ജയകൃഷ്ണനെ തോൽപ്പിച്ചാണ് ബി.ജെ.പി സ്ഥാനാർത്ഥി വി.കെ. ഷൈജു വിജയിച്ചത്. എൽ.ഡി. എഫിന്റെ പ്രതിപക്ഷ നേതാവ് എൻ. ബാലകൃഷ്ണൻ തോട്ടടയിൽ പരാജയപ്പെട്ടു.

സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും ഇടതുമുന്നണി ആദ്യം തന്നെ പൂർത്തിയാക്കിയെങ്കിലും അത് ബലാബലത്തിൽ നിർണായകമായില്ല.

നഗരസഭയിൽ ഇടത് ആധിപത്യം

തലശേരി, കൂത്തുപറമ്പ്, ആന്തൂർ, പയ്യന്നൂർ, ഇരിട്ടി നഗരസഭകൾ ഇടതുമുന്നണി നേടിയപ്പോൾ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പാനൂർ നഗരസഭകളിൽ യു.‌ഡി.എഫ് ഭരണം നിലനിർത്തി. ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റും നേടിയാണ് ഇടതുമുന്നണി കുത്തക നിലനിർത്തിയത്. ആറു വാർഡിൽ എതിരില്ലാതെ വിജയിച്ച എൽ.ഡി.എഫ്, മത്സരം നടന്ന 22 വാർഡുകളിൽ 21 ഇടത്ത് സി.പി.എമ്മും ഒരിടത്ത് സി.പി.ഐയും തിരഞ്ഞെടുക്കപ്പെട്ടു. തലശേരിയിലും തളിപ്പറമ്പിലും ബി.ജെ.പി മികച്ച മുന്നേറ്റം പ്രകടിപ്പിച്ചു. തളിപ്പറമ്പിൽ മൂന്നും തലശേരിയിൽ എട്ടും വാർഡുകൾ നേടിയാണ് ബി.ജെ.പി നിലമെച്ചപ്പെടുത്തിയത്.