ldf
കാഞ്ഞങ്ങാട് നഗരസഭയിൽ ഭരണം നിലനിർത്തിയ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ളാദം

കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച. വോട്ടെടുപ്പ് നടന്ന 43 വാർഡുകളിൽ 24 ഉം നേടിയാണ് മുന്നണി വിജയം നേടിയത്. മുൻ ചെയർമാൻ വി.വി. രമേശനും എൽ.ഡി.എഫിലെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥി കെ.വി. സുജാത, ഐ.എൻ.എൽ മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുള്ള, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം ബൽരാജ് എന്നിവരുമാണ് വിജയിച്ചവരിൽ പ്രമുഖർ.

ബി.ജെ.പിക്ക് ആറു വാർഡുകൾ ലഭിച്ചു. സി.പി.എമ്മിന് കഴിഞ്ഞ കൗൺസിലിലും 21 അംഗങ്ങളാണുണ്ടായിരുന്നത്. മുസ്ലിം ലീഗിന് കഴിഞ്ഞ തവണ ലഭിച്ച 11സീറ്റുകൾ ഇക്കുറിയും ലഭിച്ചു. 27 പേരെ മത്സരിപ്പിച്ച കോൺഗ്രസിന് രണ്ടുപേരെ മാത്രമാണ് വിജയിപ്പിക്കാനായത്. മുസ്ലീം ലീഗിന് അവരുടെ ഉറച്ച കോട്ടയായ കല്ലൂരാവിയിലും പട്ടാക്കലും നഷ്ടപ്പെട്ടപ്പോൾ കൂളിയങ്കാൽ, കുശാൽനഗർ വാർഡുകൾ പകരം ലഭിച്ചത് ആശ്വാസമായി. പട്ടാക്കലിലും കല്ലൂരാവിയിലും ഐ.എൻ.എല്ലാണ് ജയിച്ചത്. കോൺഗ്രസിന് കഴിഞ്ഞ കൗൺസിലിൽ 3 അംഗങ്ങളാണുണ്ടായിരുന്നത്..

കോൺഗ്രസിന് ഇരുട്ടടിയായി കെ.പി.സി.സി സെക്രട്ടറിയുടെ തോൽവി
നഗരസഭ തിരഞ്ഞെടുപ്പിൽ കരുവളം വാർഡിൽ മത്സരിച്ച കെ.പി.സി.സി സെക്രട്ടറി എം. അസിനാറിന്റെ പരാജയം കോൺഗ്രസിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബൽ മൂലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ച വാർഡാണിത്. ടി സിദ്ദിഖ് അടക്കമുള്ള സംസ്ഥാന കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനെത്തിയിട്ടും ഐ.എൻ.എൽ സ്ഥാനാർത്ഥി ബിൽടെക് അബ്ദുള്ളയെ തോൽപ്പിക്കാനായില്ല.