
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച എസ്.ഡി.പി.ഐ 102 സീറ്റിൽ വിജയിച്ചു. 2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ 47 സീറ്റുണ്ടായിരുന്ന പാർട്ടിയാണ് ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ ഇത്രയും സീറ്റുകൾ നേടിയത്. 200 ലധികം സീറ്റുകളിൽ രണ്ടാം സ്ഥാനത്താണ്.കൊല്ലം കോർപറേഷനിലും തിരുവല്ല മുനിസിപ്പാലിറ്റിയിലും സിറ്റിംഗ് സീറ്റ് നിലനിറുത്തി. ആലപ്പുഴ, പെരുമ്പാവൂർ, ചിറ്റൂർ തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം നഗരസഭകളിൽ അക്കൗണ്ട് തുറന്ന പാർട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളിൽ നിർണായക ശക്തിയുമായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനിൽ ഹമീദ് ഹൊസങ്കടി വിജയിച്ചു. ഈരാറ്റുപേട്ട മുനിസിപാലിറ്റിയിൽ അഞ്ചു സീറ്റും പത്തനംതിട്ട മുനിസിപാലിറ്റിയിൽ നാലു സീറ്റും കണ്ണൂർ ഇരിട്ടി മുനിസിപാലിറ്റിയിൽ മൂന്നു സീറ്റും നേടി. വിവിധ ഗ്രാമപഞ്ചായത്തുകളിലായി തിരുവനന്തപുരം (10), കൊല്ലം (10), പത്തനംതിട്ട (6), ആലപ്പുഴ (13), കോട്ടയം (10), ഇടുക്കി (1), കാസർകോട് (9), കണ്ണൂർ (13), കോഴിക്കോട് (4), മലപ്പുറം (9), പാലക്കാട് (7), തൃശൂർ (5), എറണാകുളം (5) എന്നിങ്ങനെയാണ് മറ്റു സീറ്റുകൾ.