shanavas-

കാസർകോട്: ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് ഇടതുപക്ഷം. 2015 ൽ എട്ട് സീറ്റിൽ യു.ഡി.എഫും, ഏഴ് സീറ്റിൽ എൽ.ഡി.എഫും രണ്ട് സീറ്റിൽ ബി.ജെ.പിയുമായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ, ഇത്തവണ എട്ട് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തതോടെ യു.ഡി.എഫ് ഏഴ് സീറ്റിലേക്ക് ചുരുങ്ങി. ബി.ജെ.പി രണ്ട് സീറ്റ് നിലനിർത്തി. ജില്ലാ പഞ്ചായത്തിലെ ചെങ്കള ഡിവിഷനിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ്‌ പാദൂറിന്റെ അട്ടിമറി വിജയമാണ് ജില്ലാ പഞ്ചായത്തിനെ ചുവപ്പിച്ചത്. 2015-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച പുത്തിഗെ, എടനീർ ഡിവിഷനുകൾ ഇത്തവണയും ബി.ജെ.പിക്കൊപ്പം നിന്നു. എന്നാൽ, 2015-ൽ എൽ.ഡി.എഫിനൊപ്പം നിന്ന ദേലംപാടി പി.ബി. ഷെഫീഖിലൂടെ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ 2015-ൽ യു.ഡി.എഫ് വിജയിച്ച പിലിക്കോട് ഡിവിഷൻ എൽ.ജെ.ഡിയുടെ എം. മനുവിലൂടെ ഇത്തവണ ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയായിരുന്നു. ബേഡകം, കള്ളാർ, കരിന്തളം, ചെറുവത്തൂർ, മടിക്കൈ, പെരിയ തുടങ്ങിയ ഡിവിഷനുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് വിജയിച്ചവയായിരുന്നു.

വോർക്കാടി, ചിറ്റാരിക്കൽ, ഉദുമ, സിവിൽ സ്റ്റേഷൻ, കുമ്പള, മഞ്ചേശ്വരം ഡിവിഷനുകൾ യു.ഡി.എഫ് നിലനിർത്തി. മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം ഇടതുപക്ഷത്തിനൊപ്പവും ഒരെണ്ണം യു.ഡി.എഫിനൊപ്പവുമാണ്. 2015-ലേതിന് സമാനമായി കാഞ്ഞങ്ങാട് നഗരസഭയിൽ അഞ്ച് സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയത്. 2015-ൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിച്ച എ.സി. നഗർ ഡിവിഷൻ ഇത്തവണ ബി.ജെ.പി പിടിച്ചെടുത്തപ്പോൾ, 2015-ൽ ബി.ജെ.പിക്കൊപ്പം നിന്ന അരയി കാർത്തിക ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തു.

നീലേശ്വരം നഗരസഭയിൽ എൽ.ഡി.എഫ് നിലമെച്ചപ്പെടുത്തിയപ്പോൾ യു.ഡി.എഫിന് കൈവശമുണ്ടായിരുന്ന ഏതാനും സീറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. 2015-ൽ 13 ഡിവിഷനിൽ യു.ഡി.എഫ് വിജയിച്ചെങ്കിൽ ഇത്തവണ അത് ഒമ്പതിലേക്ക് ചുരുങ്ങുകയായിരുന്നു. എൽ.ഡി.എഫ് 20 ഡിവിഷനുകളിൽ വിജയിച്ചിട്ടുണ്ട്. 2015-ൽ ഇത് 19 ആയിരുന്നു. മൂന്ന് സ്വതന്ത്ര സ്ഥാനാർഥികൾ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ വിജയം നേടിയിട്ടുണ്ട്. കാസർകോട് മുനിസിപ്പാലിറ്റിയിൽ 21 സീറ്റിൽ യു.ഡി.എഫും 14 സീറ്റിൽ എൻ.ഡി.എയും വിജയിച്ചപ്പോൾ എൽ.ഡി.എഫ് ഒരു സീറ്റിലേക്ക് ചുരുങ്ങി. രണ്ട് സ്വതന്ത്രരും ഇവിടെ വിജയിച്ചിട്ടുണ്ട്.

ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ നാല് എണ്ണത്തിൽ എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫ് രണ്ടെണ്ണം നിലനിറുത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ഒമ്പത് ഡിവിഷനുകളിലും യു.ഡി.എഫ് മൂന്ന് ഡിവിഷനുകളിലും വിജയിച്ചു. അതേസമയം, അജാനൂർ ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണയും ബി.ജെ.പിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ 2015 തിരഞ്ഞെടുപ്പിന്റെ നേരാവർത്തനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്. കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണയും എൽ.ഡി.എഫിന് സാന്നിദ്ധ്യമില്ല. 15 ഡിവിഷനുകളിൽ 11 ഇടത്ത് യു.ഡി.എഫും 4 ഇടത്ത് ബി.ജെ.പിയുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച ഉളിയത്തടുക്ക ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം നിന്ന പെർഡാല ഇത്തവണ ബി.ജെ.പിയും പിടിച്ചെടുത്തിട്ടുണ്ട്.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് മേൽകൈ തകർത്ത് ബി.ജെ.പി കൂടുതൽ സീറ്റുകൾ പിടിച്ചെടുത്തു. 2015-ൽ യു.ഡി.എഫ് ഒമ്പത് സീറ്റുകളിലും ബി.ജെ.പി നാല് സീറ്റുകളിലും എൽ.ഡി.എഫ് രണ്ട് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. എന്നാൽ, ഇത്തവണ യു.ഡി.എഫും ബി.ജെ.പിയും ആറ് സീറ്റുകളിലും എൽ.ഡി.എഫ് രണ്ട് സീറ്റുകളിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച പെരുമുഡെ ഡിവിഷനും കോൺഗ്രസ് വിജയിച്ച മഞ്ചീർപള്ള ഡിവിഷനും എൻ.ഡി.എ പിടിച്ചെടുത്തു. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്ന വോർക്കാടി ഡിവിഷനിൽ ഇത്തവണ എൽ.ഡി.എഫാണ് വിജയം നേടിയത്.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് എട്ട് സീറ്റ് സ്വന്തമാക്കിയപ്പോൾ അഞ്ച് സീറ്റ് യു.ഡി.എഫിനൊപ്പം നിന്നു. 2015-ൽ എൽ.ഡി.എഫ് വിജയിച്ച ചെറുവത്തൂർ ഇത്തവണ യു.ഡി.എഫിനൊപ്പം ചേർന്നു. അതേസമയം, യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്ന വലിയപറമ്പ ഇത്തവണ ഇടത്തേക്ക് മാറി. പരപ്പ ബ്ലോക്ക് പഞ്ചായത്തിലും എൽ.ഡി.എഫ് ഭരണം നിലനിർത്തിയിട്ടുണ്ട്. എട്ട് ഡിവിഷനുകളിൽ ആധിപത്യം ഉറപ്പിച്ചാണ് ഒരിക്കൽ കൂടി ഇടതുപക്ഷം ഭരണം ഉറപ്പിച്ചിരിക്കുന്നത്. ആറ് സീറ്റുകളിലാണ് യു.ഡി.എഫ് വിജയം നേടിയിരിക്കുന്നത്. പരപ്പ ബ്ലോക്കിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബി.ജെ.പിയാണ്. 2015-ൽ രണ്ട് സീറ്റുകളിൽ മുന്നിട്ട് നിന്നിരുന്ന ബി.ജെ.പി ഇത്തവണ ആറ് സീറ്റുകളിൽ മുന്നിലാണ്. ബേളൂർ, കാറഡുക്ക, മധൂർ, മീഞ്ച, പൈവളിഗെ, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടുള്ളത്. എന്നാൽ, ഇതിൽ ബേളൂർ, മധൂർ എന്നീ രണ്ട് പഞ്ചായത്തുകളിൽ മാത്രമായിരിക്കും ബി.ജെ.പി അധികാരത്തിലെത്തുകയെന്നാണ് സൂചന. മറ്റ് നാല് പഞ്ചായത്തുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ ഒപ്പം കൂട്ടി എൽ.ഡി.എഫ് അല്ലെങ്കിൽ യു.ഡി.എഫ് മുന്നണികൾ അധികാരത്തിലെത്താനായിരിക്കും സാദ്ധ്യത. യു.ഡി.എഫ് ഭരിച്ചിരുന്ന കുറ്റിക്കോൽ, വോർക്കാടി, വലിയപ്പറമ്പ, ഉദുമ എന്നീ പഞ്ചായത്തുകൾ ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന പുല്ലൂർ പെരിയ, വെസ്റ്റ് എളേരി എന്നീ പഞ്ചായത്തുകളിൽ യു.ഡി.എഫാണ് വിജയിച്ചിരിക്കുന്നത്. എൽ.ഡി.എഫ് ഭരിച്ചിരുന്ന കാറഡുക്ക, പൈവളിഗെ എന്നീ പഞ്ചായത്തുകളിലും യു.ഡി.എഫ് അധികാരത്തിലുള്ള മീഞ്ച, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലുമാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി ശക്തി തെളിയിച്ചിരിക്കുന്നത്. എൽ.ഡി.എഫ് 15 പഞ്ചായത്തിലും യു.ഡി.എഫ് 16 പഞ്ചായത്തിലും വിജയിച്ചപ്പോൾ ജനകീയ ജനാധിപത്യ മുന്നണിയായ ഡി.ഡി.എഫ്, സി പി എം പിന്തുണയോടെ ഈസ്റ്റ് എളേരിയിൽ ഭരണം നിലനിറുത്തി.