
കണ്ണൂർ: നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നതെന്നും നേതൃമാറ്റമില്ലെങ്കിൽ പാർട്ടിക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പ്ളള്ളി രാമചന്ദ്രനെതിരെ വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ രൂക്ഷ വിമർശനം.
സംഘടനയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്നതൊന്നും കോൺഗ്രസിന്റേതല്ല. തിരുവനന്തപുരത്തെ ബി.ജെ.പിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞാശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ.പി.സി.സിക്കുണ്ട്. ശുപാർശയ്ക്കും വ്യക്തിതാത്പര്യങ്ങൾക്കും വഴങ്ങാത്ത നേതൃനിര വേണം. കെ.പി.സി.സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാൻഡ് നേരിട്ട് ഇടപെടണമെന്ന് രാഹുൽഗാന്ധിയെ നേരിൽക്കണ്ട് ധരിപ്പിക്കും.
ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലകളിൽ കോൺഗ്രസ് പിന്നിലായതിലും ആത്മപരിശോധന വേണം. സ്വന്തം ജില്ലയിൽ റിസൾട്ട് ഉണ്ടാക്കാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. അതുകൊണ്ടാണ് ഞാൻ കണ്ണൂർ വിട്ട് പ്രചാരണത്തിന് പോകാത്തത്.
ജോസ് കെ.മാണിയെ പുറത്താക്കിയത് വലിയ ദുരന്തമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിൽ തിരിച്ചെത്തിക്കണം. വടകര കല്ലാമലയിൽ അപമാനിക്കപ്പെട്ടെന്ന തോന്നൽ ആർ.എം.പിക്കുണ്ടായി. എന്നാൽ, വെൽഫെയർ പാട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു. അവരോട് നന്ദിയുണ്ടെന്നും സുധാകരൻ പറഞ്ഞു.