കാസർകോട്: രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും കഴിവുതെളിയിച്ച സമർത്ഥരായ യുവനിരയെ അണിനിരത്തി കാസർകോടിനെ ചുവപ്പണിയിച്ചു ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച ഇടതുമുന്നണി നേതൃത്വം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ ആരെ അവരോധിക്കണമെന്നത് സംബന്ധിച്ച് ചർച്ചകൾ തുടങ്ങി. 21 ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനമെടുക്കും. തുടർന്ന് എൽ.ഡി.എഫിലെ ആലോചനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും.
30 ന് രാവിലെ 11 മണിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്നുതന്നെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. മടിക്കൈ ഡിവിഷനിൽ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തിന് വിജയിച്ച മുതിർന്ന വനിതാ നേതാവ് ബേബി ബാലകൃഷ്ണൻ ആയിരിക്കും പ്രസിഡന്റെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സി.പി.എം കോട്ടയായ ദേലമ്പാടി ഡിവിഷൻ മുന്നണിയെ കൈവിട്ടതോടെ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെങ്കള ഡിവിഷൻ ലീഗിൽ നിന്ന് പിടിച്ചെടുത്ത് അട്ടിമറി വിജയം സമ്മാനിക്കുകയും ചെയ്ത ഷാനവാസ് പാദൂരിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകാനുള്ള സാദ്ധ്യതയുമുണ്ട്.
പത്തുവർഷം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പരിചയമാണ് ബേബിയെ അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നിന് പിന്നിൽ.1995 ൽ മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ അദ്ധ്യക്ഷയായപ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു അവർ. തൊട്ടടുത്ത തവണ പഞ്ചായത്ത് പ്രസിഡന്റ് പദവി ജനറൽ ആയിട്ടും വീണ്ടും പാർട്ടി നിയോഗിച്ചതും ബേബിയെ തന്നെ. 2005ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി.
ബി.എഡ് ബിരുദധാരിയായ ഇവർ കയ്യൂർ, പെരിയ, ബങ്കളം സ്‌കൂളുകളിൽ ഗസ്റ്റ് അദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗത്വം രാജിവെച്ചാണ് ബേബി ബാലകൃഷ്ണൻ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇവർ സി.പി.സി.ആർ.ഐ. ഉപദേശക സമിതി അംഗവും കുടുംബശ്രീ ഗവേർണിംഗ് ബോഡി അംഗവും കിലാ ഫാക്കൽട്ടി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും മടിക്കൈ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. നീലേശ്വരം നഗരസഭാ മുൻ യു.ഡി ക്ലർക്ക് ബി. ബാലകൃഷ്ണന്റെ ഭാര്യയാണ്. ഏക മകൻ കിരൺ ബാലകൃഷ്ണൻ.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പാദൂർ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ് പാദൂർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട് സി.പി.എം സഹചാരിയായത്. ഇപ്പോൾ ലീഗിന്റെ കോട്ടയായ ചെങ്കള പിടിച്ചു യു.ഡി.എഫിനെ ഞെട്ടിക്കുകയും ചെയ്തു. ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് പ്രസിഡന്റാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായിരുന്നു.