ആലക്കോട്: ചെരിപ്പ് ഇടാറില്ല, പാർട്ടിയ്ക്കും ജനങ്ങൾക്കും വേണ്ടിയുള്ള ജീവിതത്തിൽ സ്വന്തം കാര്യം നോക്കാതെ 54ാം വയസിലും അവിവാഹിതൻ, ശുദ്ധ സസ്യാഹാരി, ദളിത് ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേതൃസ്ഥാനത്തേക്ക് എത്തിയ കമ്മ്യൂണിസ്റ്റുകാരൻ- യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത ഉദയഗിരിയെന്ന മലയോര പഞ്ചായത്തിനെ നയിക്കാൻ ഇടതുമുന്നണി നിയോഗിക്കുന്ന കെ.എസ്.ചന്ദ്രശേഖരനിൽ നാടിന് പ്രതീക്ഷകളേറെയാണ്.
എല്ലാ വിഭാഗം ജനങ്ങളെയും പാർട്ടിയിലേയ്ക്ക് ആകർഷിക്കുന്നതാണ് ചന്ദ്രശേഖരന്റെ വ്യക്തിത്വമെന്ന് എതിരാളികൾ പോലും സമ്മതിക്കും. നേരത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. സി.പി.എം കാർത്തികപുരം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം, പാചകത്തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി, തുടങ്ങിയ നിരവധി സ്ഥാനങ്ങളും വഹിക്കുന്നുണ്ട് ഇദ്ദേഹം. സി.പി.എമ്മിന്റെ ഔദ്യോഗികതീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും ഇദ്ദേഹത്തിനാണ് പ്രഥമ പരിഗണന.