
നീലേശ്വരം: ശക്തികേന്ദ്രങ്ങളിൽ അടിതെറ്റിയതോടെ നീലേശ്വരം നഗരസഭയിൽ കോൺഗ്രസിനും യു.ഡി.എഫിനും നേരിട്ടത് കനത്ത നഷ്ടം. ഭരണം നിലനിർത്തുന്നത് ശ്രമകരമാണെന്ന ധാരണയിൽ ശക്തമായ പ്രവർത്തനം കാഴ്ചവച്ച എൽ.ഡി.എഫിന് ഏറെ സന്തോഷം നൽകുന്നതായി നഗരസഭയിലെ ഫലപ്രഖ്യാപനം.
കോൺഗ്രസിന്റെ കോട്ടയായ മൂന്നാം വാർഡ് കിഴക്കൻ കൊഴുവലിൽ കോൺഗ്രസ് റിബൽ ടി.വി. ഷീബ 46 വോട്ടിന് ജയിച്ചത് സ്ഥാനാർത്ഥി നിർണയം അടക്കമുള്ള വിഷയങ്ങളിലുണ്ടായ പരാജയത്തെ എടുത്തുകാണിക്കുന്നതാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എറുവാട്ട് മോഹനന്റെ വാർഡിലാണ് ഈ തോൽവി. ഡി.സി.സി.ജനറൽ സെക്രട്ടറി മാമുനി വിജയൻ സ്വന്തം വാർഡായ കടിഞ്ഞിമൂലയിൽ 11 വോട്ടിന് എൽ.ഡി.എഫ് സ്വതന്ത്രൻ എം.വിനയരാജനോട് പരാജയപ്പെട്ടതും കോൺഗ്രസിനെ ഞെട്ടിക്കുന്നതായി. കരുവാച്ചേരിയിൽ സേവാദൾ ജില്ല ചെയർമാൻ രമേശൻ കരുവാച്ചേരിയുടെ വാർഡിൽ 72 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ശ്രീജ കോൺഗ്രസിലെ സൗദാ മാധവനെ തോൽപിച്ചതാണ് മറ്റൊരു തിരിച്ചടി.
കോൺഗ്രസിന്റെ കോട്ടയായ പടിഞ്ഞാറ്റംകൊഴുവലിൽ ബി.ജെ.പി.സ്ഥാനാർത്ഥി എം യമുനയോട് വെറും 3 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ചത്. സി.പി.എം ഇവിടെ ബി.ജെപിക്ക് വോട്ട് മറിച്ചെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഒന്നാം വാർഡിൽ 50 വോട്ട് ബി.ജെ.പി സി.പി.എമ്മിന് മറിച്ചെന്നും യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. തട്ടാച്ചേരി, കടിഞ്ഞിമൂല വാർഡുകൾ എൽ.ഡി.എഫ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
മുസ്ലിം ലീഗിനും നഗരസഭയിൽ അടിതെറ്റി. സിറ്റിംഗ് വാർഡായ തൈക്കടപ്പുറം സെന്ററിൽ എസ്.ഡി.പി.ഐയിലെ പി. അബുബക്കർ 38 വോട്ടിനാണ് ജയിച്ചുകയറിയത്.