k-v-sujatha

കാഞ്ഞങ്ങാട്: വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന പുതിയ നഗരസഭാ ഭരണസമിതിയിൽ കെ.വി. സുജാത ചെയർപേഴ്‌സണാകും. ദുർഗ ഹയർസെക്കൻഡറി സ്‌കൂളിലെ ചരിത്രാധ്യാപികയായ സുജാതയെ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ സി.പി.എം ചെയർപേഴ്‌സണായി നിശ്ചയിച്ചിരുന്നു. നഗരസഭയിലെ നാലാം വാർഡായ അതിയാമ്പൂരിൽ നിന്നാണ് സുജാത തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ഭരണസമിതിയിലെ ചെയർമാൻ വി.വി. രമേശൻ തിരഞ്ഞെടുക്കപ്പെട്ടതും അതിയാമ്പൂരിൽ നിന്നാണ്. സി.പി.എം റിബൽ സ്ഥാനാർത്ഥിയായി രംഗത്തു വരികയും പിന്നീട് യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്ത പി. ലീലയെയും ബി.ജെ.പിയിലെ വിജയ മുകുന്ദിനെയും പരാജയപ്പെടുത്തിയാണ് സുജാത ഒന്നാമതെത്തിയത്. 248 വോട്ടിന്റെ ഭൂരിപക്ഷമാണ് സുജാതയ്ക്ക് ലഭിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള സുജാത കെ.എസ്.ടി.എയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. വൈസ് ചെയർമാനായി ഐ.എൻ.എല്ലിലെ ബിൽടെക് അബ്ദുള്ള വരുമെന്നാണ് സൂചന. ഇടതുമുന്നണിക്ക് ലഭിച്ച 24 സീറ്റിൽ മൂന്നെണ്ണം ഐ.എൻ.എല്ലിന്റെതാണ്. കഴിഞ്ഞ തവണ ഐ.എൻ.എല്ലിന് രണ്ടംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഐ.എൻ.എല്ലിനായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ മൂന്നംഗങ്ങളുള്ളതിനാൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനം അവർക്കുതന്നെ ലഭിക്കും. ഈ മാസം 28 നാണ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ്.