
കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാല് ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു.
വോർക്കാടി ഡിവിഷനിൽ ബി ജെ പി സ്ഥാനാർത്ഥി സി. ജയകല 15,351 വോട്ട് നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. വിജയിച്ച കോൺഗ്രസിലെ കമലാക്ഷിക്ക് 18,409 വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള സി.പി.ഐയുടെ പുഷ്പ ജയരാമക്ക് 13,087 വോട്ട് നേടി.
സിവിൽ സ്റ്റേഷൻ വാർഡിൽ ബി.ജെ.പിയുടെ പുഷ്പ ഗോപാലൻ 13,612 വോട്ട് നേടിയാണ് വിജയിച്ച മുസ്ലിംലീഗിലെ ജാസ്മിൻ കബീറിന് പിന്നിലെത്തിയത്. അന്തരിച്ച മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ മകൻ കബീറിന്റെ ഭാര്യയാണ് ജാസ്മിൻ. ഐ.എൻ. എൽ സ്ഥാനാർഥി അസീന 8282 വോട്ട് നേടി ബഹുദൂരം പിന്നിലായി. കുമ്പള ഡിവിഷനിൽ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പിയുടെ സ്നേഹലത ദിവാകറിന് 10,840 വോട്ട് ലഭിച്ചു. സി.പി.എം സ്ഥാനാർത്ഥി ശാലിനി 10,599 വോട്ടുനേടി തൊട്ട് പിന്നിലെത്തിയിരുന്നു. മഞ്ചേശ്വരം ഡിവിഷനിൽ ബി.ജെ.പിയുടെ കെ.എൽ. പുഷ്പരാജ് 12,699 വോട്ടുനേടിയാണ് യു.ഡി.എഫിനെ ഞെട്ടിച്ചത്. വിജയിച്ച ലീഗിലെ ഗോൾഡൻ അബ്ദുൾ റഹ്മാന് 14,998 വോട്ട് ലഭിച്ചു. ഇവിടെയും സി.പി.എം മൂന്നാം സ്ഥാനത്തായി.