തലശ്ശേരി: പിണറായി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോൺഗ്രസ് പ്രവർത്തകനായ നിത്യാനന്ദന്റെ വീടിനു നേരെ ഉഗ്രശേഷിയുള്ള ബോംബേറ്. വീടിന്റെ നടയിൽ കെട്ടിയ കമ്പിവേലിക്ക് തട്ടിയതുകൊണ്ട് വലിയ അപകടം ഒഴിവായി. തിരഞ്ഞെടുപ്പിന് മുമ്പ് നിത്യാനന്ദനു നേരെ പരേത്ത് പുരുഷു, രാഗേഷ് ബാബു, കറപ്പൻ അശോകൻ എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. ബുധനാഴ്ച രാത്രി 11.30 മണിക്കാണ് ബോംബേറുണ്ടായത്. പിണറായി പൊലീസിൽ പരാതി നൽകി.
സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായ കിലാലൂരിലെ കുന്നത്ത് വത്സൻ മാസ്റ്ററുടെ വീടിനു നേരെ സാമൂഹ്യ വിരുദ്ധർ ബോംബെറിഞ്ഞു. സഫോടനത്തിന്റെ ശക്തിയിൽ ജനൽ ചില്ലുകൾ തകരുകയും വീടിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. യു.ഡി.എഫ് നേതാക്കളായ മമ്പറം ദിവാകരൻ, കെ.സി.മുഹമ്മദ് ഫൈസൽ, ഷക്കീർ മൗവ്വഞ്ചേരി, വി.വി. മുകുന്ദൻ, ലാൽച്ചന്ദ് കണ്ണോത്ത്, കെ.ഒ. സുരേന്ദ്രൻ, ടി. സുരേശൻ, രഞ്ജീഷ് മക്രേരി, ജയറാം പൊതുവാച്ചേരി, റയീസ് തുടങ്ങിയവർ വീട് സന്ദർശിച്ചു. ചക്കരക്കൽ പൊലീസിൽ പരാതി നല്കി.