no-mobile

ജീവനക്കാർ ഗേറ്റ് കീപ്പറെ ഏല്പിക്കണം

കണ്ണൂർ: ജീവനക്കാരും സന്ദർശകരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി ഡി.ജി.പി ഋഷിരാജ് സിംഗ് ഉത്തരവിറക്കി. തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് വിലക്ക്.

ഏതെങ്കിലും ജീവനക്കാരൻ വിലക്ക് ലംഘിച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ജയിൽ സൂപ്രണ്ടിനെതിരെ കർശനമായ അച്ചടക്കനടപടി സ്വീകരിക്കും. ഇന്നലെ സൂപ്രണ്ടുമാർക്ക് അയച്ച ഉത്തരവിലാണ് ഡി.ജി.പിയുടെ അന്ത്യശാസനം.

മൊബൈൽ ഉപയോഗിക്കരുതെന്ന് ജയിലുകൾക്ക് പുറത്ത് നോട്ടീസ് പതിക്കണം. ജോലിക്ക് ഹാജരാകുന്ന ജീവനക്കാർ മൊബൈൽ ഫോണുകൾ ഗേറ്റ് കീപ്പറെ ഏൽപ്പിക്കണം.

ജീവനക്കാരുടെ സഹായത്തോടെയാണ് തടവുകാർക്ക് മൊബൈൽ ഫോൺ കിട്ടുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സന്ദർശകരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ കടത്തുന്നതും ജയിൽ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിവിധ രാഷ്ട്രീയ, അക്രമ കേസുകളിലെ പ്രതികൾ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജീവനക്കാർ ജയിലുകളിലെ ചിത്രങ്ങൾ മൊബൈൽ ഫോണിലെടുത്ത് മാദ്ധ്യമങ്ങൾക്ക് നൽകുന്നതും ജയിൽ വകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

വരുമോ മൊബൈൽ ഡിറ്റക്ടർ?

ജയിലുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് മൊബൈൽ ഡിറ്റക്ടർ ഇനിയും ജയിലിൽ സ്ഥാപിച്ചില്ല. ബോഡി സ്കാനർ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും എവിടെയുമെത്തിയില്ല. മൊബൈൽ ജാമറുകളിൽ ഉപ്പ് നിറച്ച് നശിപ്പിച്ച സംഭവവും ജയിലുകളിലുണ്ടായിട്ടുണ്ട്.