murshida

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ യു.ഡി.എഫ് നേടിയ തിളക്കമാർന്ന ജയത്തിന് പുറമെ അദ്ധ്യക്ഷപദവി സംബന്ധിച്ചുള്ള ആലോചനകളും മുറുകി. 751 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച 24കാരി മുർഷിദ കൊങ്ങായിക്കാണ് ചെയ‌ർ‌പേഴ്സൺ സ്ഥാനത്ത് മുസ്ലിം ലീഗിൽ സ്വീകാര്യത കൂടുതലുള്ളത്. ലീഗ് നേതാവ് കൊങ്ങായി മുസ്തഫയുടെ മകളാണ് മുർഷിദ.

പാളയാട് വാർഡിൽ നിന്നും ജയിച്ച മുൻ കെ.പി.സി.സി മെമ്പറും തളിപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കല്ലിങ്കീൽ പത്മനാഭൻ വൈസ് ചെയർമാനാകും. മൂന്ന് വോട്ടിനാണ് പത്മനാഭൻ ജയിച്ചത്. മുസ്ലിംലീഗിന്റെ കോട്ടകളിൽ നേരിയ വിള്ളൽ പോലും ഉണ്ടാക്കാൻ എൽ.ഡി.എഫിന് കഴി ഞ്ഞില്ല. എന്നാൽ കോൺഗസിന്റെ സ്വാധീനമേഖലകളിൽ സി.പി.എമ്മും ബി.ജെ.പിയും കടന്നുകയറി. മൂന്ന് സീറ്റുകളാണ് കോൺഗ്രസിന് നഷ്ടപ്പെട്ടത്. ബി.ജെ.പി ഒരു സീറ്റിൽ നിന്നും മൂന്നിലേക്ക് വളർന്നു. ചാലത്തൂരിൽ 350 ലേറെ വോട്ടു നേടി എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. മുൻ നഗരസഭ കക്ഷിനേതാവ് വത്സരാജൻ പാലക്കുളങ്ങരയിൽ അട്ടിമറി വിജയം നേടി.

സി.പി.എമ്മിന് ഒരു വാർഡ് കൂടുതൽ ലഭിച്ചെങ്കിലും ചാലത്തൂർ, തുള്ളന്നൂർ വാർഡുകളിലെ ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയായി. വെല്ലുവിളി ഉയർന്ന കീഴാറ്റൂരിൽ സി.പി.എം ജയിച്ചുകയറി. ഇവിടെ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പിന്തുണയുള്ള വയൽക്കിളി സ്ഥാനാർത്ഥി 250 ഓളം വോട്ട് നേടി. അതേസമയം പുഴക്കുളങ്ങരയിലെ എൽ.ഡി.എഫിന്റെ വിജ യത്തിന് തിളക്കമേറെയാണ്. സി.പി.എമ്മിലെ സി. സുരേഷ് 103 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. തൊട്ടടുത്ത് വാർഡായ രാജരാജേശ്വരത്ത് പി. ഗോപിനാഥും നല്ല ഭൂരിപക്ഷത്തിന് വിജയിച്ചു. ലീഗ് ഏറെ പ്രതീക്ഷ വച്ച ഏഴാംമൈൽ നിലനിർത്താനും എൽ.ഡി.എഫിന് കഴിഞ്ഞു.