
കാഞ്ഞങ്ങാട്: നഗരസഭ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്ട് ബി.ജെ.പി - സി.പി.എം വോട്ടുകൾ വെച്ചുമാറിയെന്ന ആക്ഷേപവുമായി യു.ഡി.എഫ് നേതാക്കൾ. വി.വി. രമേശൻ മത്സരിച്ച 17ാം വാർഡിലും ബി.ജെ.പി നേതാവ് എം. ബൽരാജ് മത്സരിച്ച 13 ലും ബൽരാജിന്റെ ഭാര്യ വന്ദന മത്സരിച്ച 14 ലുമാണ് വോട്ടുകൾ മറിച്ചതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം.
രമേശൻ മത്സരിച്ച വാർഡിലെ ബി.ജെ.പി വോട്ടുകൾ രമേശനും 13,14 വാർഡുകളിലെ സി.പി.എം വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥികൾക്കും കൈമാറിയെന്നാണ് ആക്ഷേപം.
രമേശൻ 151 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാതോത്ത് വാർഡിൽനിന്ന് വിജയിച്ചത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ കെ.വി. ലക്ഷ്മണനായിരുന്നു. പരാജയം ഉറപ്പായ ഘട്ടത്തിൽ ഇതിനെ മറികടക്കാൻ ബി.ജെ.പി സഹായം തേടിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
എന്നാൽ അടിസ്ഥാനമില്ലാത്ത ആക്ഷേപമാണ് യു.ഡി.എഫിന്റേതെന്നാണ് രമേശൻ പറയുന്നത്. വോട്ടെടുപ്പ് ദിവസം ബി.ജെ.പി സ്ഥാനാർത്ഥിക്കുവേണ്ടി ബൂത്ത് ഏജന്റായത് കോൺഗ്രസ് പ്രവർത്തകരായിരുന്നുവെന്നും സി.പി.എം ജില്ലാകമ്മിറ്റിയംഗം കൂടിയായ രമേശൻ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ പ്രഖ്യാപിത ശത്രുക്കളായ ബി.ജെ.പിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകുകയെന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ 36ാം വാർഡായ മുറിയനാവിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സെവൻ സ്റ്റാർ അബ്ദുൾറഹിമാൻ ബി.ജെ.പി വോട്ട് വാങ്ങിയാണ് വിജയം ഉറപ്പാക്കിയതെന്ന് എൽ.ഡി.എഫ് സ്വതന്ത്രൻ മഹമൂദ് മുറിയനാവി കുറ്റപ്പെടുത്തി. 57 വോട്ടിന്റെ ഭൂരിപക്ഷമാണ് അബ്ദുൾ റഹ്മാന് ലഭിച്ചത്. ബി.ജെ.പിക്ക് 160 വോട്ടുള്ള ഇവിടെ പാർട്ടി സ്ഥാനാർത്ഥിക്ക് 60 വോട്ട് മാത്രമാണ് ലഭിച്ചത്.