തൃക്കരിപ്പൂർ: മുസ്ലിം ലീഗിന്റെ ആധിപത്യത്തോടെ പഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയതോടെ യു.ഡി.എഫിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചർച്ചകളും സജീവമായി. ആകെയുള്ള 21 സീറ്റിൽ 11 സീറ്റുകൾ മുസ്ലീം ലീഗ് നേടി. പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു സീനിയർ നേതാക്കളുടെ പേരുകളാണുള്ളത്. പാർട്ടി ജില്ലാ സെക്രട്ടറി വി.കെ.ബാവ, പഞ്ചായത്ത് സെക്രട്ടറി സത്താർ വടക്കുമ്പാട്, തയ്യൽ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ ആയിറ്റി എന്നിവരാണ് ഇതിൽ പ്രമുഖർ.

പാർട്ടി സംസ്ഥാന നോമിനിയടങ്ങുന്ന ജില്ലാ നേതൃയോഗമാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ഘടകകക്ഷിയായ കോൺഗ്രസിന് ഇത്തവണ മൂന്നു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുസ്ലിംലീഗിന് തന്നെ കേവലഭൂരിപക്ഷം നേടാനായതും കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് മങ്ങലായി. കഴിഞ്ഞ തവണ 5 സീറ്റുകൾ നേടിയ കോൺഗ്രസിന്റെ പ്രതിനിധിയായി വൈസ് പ്രസിഡന്റ് സ്ഥാനം എൻ. സുകുമാരനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി കെ. റീത്തക്കും ലഭിച്ചിരുന്നു.