
ഫുൾമാർക്ക് കൊടുക്കാതെ മലപ്പട്ടവും ചെറുകുന്നും
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന്റേത് ഉജ്വല മുന്നേറ്റം. യു.ഡി.എഫിന്റെ ഉരുക്കുകോട്ടകളായ പഞ്ചായത്തുകൾപോലും എൽ.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള 71 പഞ്ചായത്തുകളിൽ 56ലും ഇടതുമുന്നണി വിജയിച്ചു. കടമ്പൂർ പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മലയോരമേഖലയിലെ അഞ്ച് പഞ്ചായത്തുകളും യു.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. നൂറുമേനി കൊയ്‌ത പഞ്ചായത്തുകളുടെ എണ്ണം പത്തിൽനിന്ന് പതിനൊന്നായി വർദ്ധിപ്പിക്കാനും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ തവണ നൂറുമേനി വിജയമുണ്ടായിരുന്ന മലപ്പട്ടം, ചെറുകുന്ന് പഞ്ചായത്തുകളിൽ ഒരോ സീറ്റു വീതം എൽ.ഡി.എഫിന് നഷ്‌ടപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18 പഞ്ചായത്തുകളിൽ ഭരണമുണ്ടായിരുന്ന യു.ഡി.എഫ് ഇക്കുറി 14ൽ ഒതുങ്ങി. കൊട്ടിയൂർ പഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും സമനിലയാണ്. മുഴപ്പിലങ്ങാട്ടും ആർക്കും ഭൂരിപക്ഷമില്ല. എൽ.ഡി.എഫാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മലയോരമേഖലയിൽ യു.ഡി.എഫിന്റെ പരമ്പരാഗത പഞ്ചായത്തുകളിൽ പോലും വൻ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചുകയറിയത്. കേരള കോൺഗ്രസിന്റെ ചുവടുമാറ്റമാണ് മലയോരത്തെങ്ങും യു.ഡി.എഫിന് തിരിച്ചടിയായത് എന്നാണ് വിലയിരുത്തൽ.
പിടിച്ചെടുത്തത് യു.ഡി.എഫ് കോട്ടകൾ
യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ പയ്യാവൂർ, ആറളം, ഉദയഗിരി, ചെറുപുഴ, കണിച്ചാർ എന്നീ പഞ്ചായത്തുകളിലാണ് ഇത്തവണ എൽ.ഡി.എഫ് ജയിച്ചു കയറിയത്. കേരള കോൺഗ്രസിന്റെ മുന്നണിമാറ്റമാണ് ഇവിടെ യു.ഡി.എഫിന് ക്ഷീണമായത്.16 വാർഡുകളുള്ള പയ്യാവൂരിൽ എൽ.ഡി.എഫ് ഒമ്പതു സീറ്റും യു.ഡി.എഫ് ഏഴു സീറ്റുമാണ് നേടിയത്. 15 വാർഡുകളുള്ള ഉദയഗിരി പഞ്ചായത്തിൽ പത്ത് സീറ്റ് നേടി എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് അഞ്ചിലൊതുങ്ങി. കണിച്ചാറിൽ എൽ.ഡി.എഫ് ഏഴും യു.ഡി.എഫ് ആറും നേടി. ആറളത്ത് എൽ.ഡി.എഫ് ഒമ്പതും യു.ഡി.എഫ് എട്ടും നേടി. ചെറുപുഴയിൽ 13ൽ എൽ.ഡി.എഫ് ജയിച്ചപ്പോൾ യു.ഡി.എഫ് ആറ് സീറ്റുകൾ മാത്രമാണ് നേടിയത്.
പ്രതിപക്ഷമില്ലാതെ 11 പഞ്ചായത്ത്
കാങ്കോൽ–- ആലപ്പടമ്പ്
കരിവെള്ളൂർ–- പെരളം
കണ്ണപുരം
കല്യാശേരി
കതിരൂർ
ചെറുതാഴം
ചിറ്റാരിപ്പറമ്പ്
പന്ന്യന്നൂർ
പിണറായി
ഏഴോം
എരമം– കുറ്റൂർ