
കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്ത് വന്നപ്പോൾ ചില നേതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധവും താക്കീതുമായി ലീഗ് അണികൾ. കാസർകോട് നഗരസഭയിലെ മുൻ വൈസ് ചെയർമാനും കാസർകോട് മണ്ഡലം മുൻ മുസ്ലീം ലീഗ് നേതാവിനും എതിരെയാണ് തളങ്കരയിൽ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്തെത്തി കോലം കത്തിച്ചത്.
ഉദുമയിൽ മുതിർന്ന മുസ്ലീം ലീഗ് നേതാവിന് നേരെയും സമാനമായ പ്രതിഷേധമുണ്ടായി. മൂന്ന് തവണ മത്സര രംഗത്തുണ്ടായവർ പിന്മാറണമെന്ന മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ലംഘിക്കുന്ന നേതാക്കളാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നും കാലു വാരുന്നതെന്നും ഇവർ പറയുന്നു.