
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടിയ ഇടതുമുന്നണി ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിൽ ശക്തമായ ആധിപത്യം ഉറപ്പിച്ചപ്പോൾ രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫ് നേരിയ മുൻതൂക്കം നേടാനായത്. എന്നാൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രതിനിധാനം ചെയ്യുന്ന കണ്ണൂർ മണ്ഡലം കൈവിട്ടു. കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ മുണ്ടേരി പഞ്ചായത്തിലെ വിജയം കൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. മുൻകാലങ്ങളിൽ യു.ഡി.എഫിനൊപ്പം നിന്നിരുന്ന കണ്ണൂർ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തിരിച്ചുപിടിക്കുകയായിരുന്നു.
നിലവിലുള്ള അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫിന് കാലിടറി. കെ.എം. ഷാജിയുടെ സിറ്റിംഗ് സീറ്റായ ഇവിടെ വളപട്ടണം പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. മണ്ഡലത്തിലെ പള്ളിക്കുന്നിൽ ബി.ജെ.പിയാണ് വിജയിച്ചത്. ചിറക്കൽ, നാറാത്ത്, പാപ്പിനിശേരി പഞ്ചായത്തിലെ ഇടതുമുന്നണിയുടെ പതിനായിരത്തിനു മുകളിലുള്ള ഭൂരിപക്ഷത്തെ വളപട്ടണം പഞ്ചായത്തിലെ വിജയം കൊണ്ട് മാത്രം നേരിടാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന ധർമ്മടം മണ്ഡലത്തിൽ കടമ്പൂർ പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ളത്. പിണറായി പഞ്ചായത്തിൽ 19 സീറ്റും ഇടതുമുന്നണി നേടിയിരുന്നു.
അഞ്ചരക്കണ്ടി, ചെമ്പിലോട്, പെരളശേരി, വേങ്ങാട്, ധർമ്മടം പഞ്ചായത്തുകളിലെ ഭൂരിപക്ഷം അര ലക്ഷം കവിയും. ബി.ജെ.പി പ്രധാന പ്രതിപക്ഷമായ തലശേരി നഗരസഭയിൽ കോൺഗ്രസ് അപ്രസക്തമായി മാറിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ചൊക്ളി, എരഞ്ഞോളി, കതിരൂർ, ന്യൂമാഹി, പന്ന്യന്നൂർ പഞ്ചായത്തുകളിലൊന്നും യു.ഡി.എഫിന് പച്ച തൊടാനായില്ല. മണ്ഡലത്തിന്റെ പിറവി മുതൽ ഇടതുമുന്നണിക്കൊപ്പമാണ് തലശേരി. യു.ഡി.എഫിന്റെ കൈയിലുള്ള ഇരിക്കൂർ മാത്രമാണ് നേരിയ തോതിലെങ്കിലും ഭദ്രമെന്ന് പറയാൻ കഴിയുന്നത്. ശ്രീകണ്ഠപുരം നഗരസഭയും ഇരിക്കൂർ, ആലക്കോട്, നടുവിൽ, ഏരുവേശി, ഉളിക്കൽ എന്നീ പഞ്ചായത്തുകൾ യു.ഡി.എഫിനെ തുണച്ചപ്പോൾ ചെങ്ങളായി, ഉദയഗിരി പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ആധിപത്യമുള്ളത്. കേരള കോൺഗ്രസിന്റെ ചുവട് മാറ്റത്തെ തുടർന്നാണ് അര നൂറ്റാണ്ടായി ഭരണം തുടരുന്ന യു.ഡി.എഫിൽ നിന്ന് ഇടതുമുന്നണിക്ക് തിരിച്ചു പിടിക്കാനായത്.
മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂർ ഇടതുമുന്നണിയുടെ ഇളകാത്ത കോട്ടയാണ്. കാലാവധി തീരാൻ ഒന്നര വർഷം കൂടി ബാക്കിയുള്ളതിനാൽ മട്ടന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പുണ്ടായില്ല. നഗരസഭയും ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി,പടിയൂർ- കല്യാട് പഞ്ചായത്തുകൾ ഇടതുമുന്നണിയുടെ കോട്ടകളാണ്. യു.ഡി.എഫിന്റെ മറ്റൊരു മണ്ഡലമായ പേരാവൂരിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ഇരിട്ടി നഗരസഭയും ആറളം, കണിച്ചാർ, കേളകം, മുഴക്കുന്ന്, പായം പഞ്ചായത്തുകളിൽ ഇടതുമുന്നണി തേരോട്ടം നടത്തിയപ്പോൾ അയ്യൻകുന്ന് പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. കൊട്ടിയൂർ പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തോടെയാണ് ഇവിടെ യു.ഡി.എഫ് ക്ഷീണിച്ചത്.
ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി- പാണപ്പുഴ, കല്യാശേരി, പട്ടുവം, മാടായി, കുഞ്ഞിമംഗലം,കണ്ണപുരം പഞ്ചായത്തുകൾ ഇളകാത്ത ചുവപ്പ് കോട്ടയാണെന്ന് തെളിയിച്ചതോടെ കല്യാശേരി മണ്ഡലവും ഇടതുമുന്നണിയുടെ കൈകളിൽ സുരക്ഷിതം. പയ്യന്നൂരിലും തളിപ്പറമ്പിലും ഇടതുമുന്നണിക്ക് ആശങ്കയില്ല. തളിപ്പറമ്പ് നഗരസഭയിലെയും ചപ്പാരപ്പടവ് , കൊളച്ചേരി പഞ്ചായത്തുകളിലെയും യു.ഡി.എഫിന്റെ മുൻതൂക്കം മാറ്റി നിർത്തിയാൽ കുറുമാത്തൂർ, പരിയാരം, മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളിലെ ഇടതുമുന്നണിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തോളം വരും. പയ്യന്നൂരിൽ നഗരസഭ, പെരിങ്ങോം- വയക്കര, കാങ്കോൽ- ആലപ്പടമ്പ്, കരിവെള്ളൂർ- പെരളം, രാമന്തളി, എരമം- കുറ്റൂർ എന്നീ പഞ്ചായത്തുകളും ഇടതുമുന്നണിയ്ക്കൊപ്പമാണ്.