
കാസർകോട് : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ പരാതിക്കാരനായ ബേക്കൽ കോട്ടിക്കുളം സ്വദേശി വിപിൻലാലിൽ നിന്ന് തിങ്കളാഴ്ച കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴി രേഖപ്പെടുത്തും.
തന്നെ ഭീഷണിപ്പെടുത്തിയ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനുണ്ടെന്ന് വിപിൻ ലാൽ വ്യക്തമാക്കിയിരുന്നു . മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്ത കെ .ബി. ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി ബി. പ്രദീപ്കുമാർ കോട്ടാത്തലയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേ സമയം കേസിൽ പ്രധാന തെളിവായ മൊബൈൽ ഫോണും സിം കാർഡും പൊലീസിന് കണ്ടെടുക്കാനായില്ല. ഫോണും സിം കാർഡും തീവണ്ടിയാത്രക്കിടെ നഷ്ടപ്പെട്ടെന്നാണ് പ്രദീപ് കുമാർ നൽകിയ മൊഴി . ഇത് വിശ്വാസത്തിലെടുക്കാതെ അന്വേഷണസംഘം കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലും പ്രദീപ് കുമാറിന്റെ വസതിയിലും മിന്നൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസിന് യാതൊരു തുമ്പും കിട്ടിയിരുന്നില്ല.