കാസർകോട്: ബദിയടുക്കയിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. യു.ഡി.എഫ് -എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സി.പി.എം ഓഫീസിന് നേരെ പടക്കം എറിഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ എത്തിയ ബദിയടുക്ക എസ്‌.ഐ അനീഷ്, പൊലീസുകാരൻ രാജേഷ് എന്നിവർക്ക് മർദ്ദനമേറ്റു.

എസ്.ഐ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് നടപടി എടുക്കുന്നില്ല എന്നാരോപിച്ച് സി.പി.എം പ്രവർത്തകർ ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുതിർന്ന സി.പി.എം നേതാക്കൾ എത്തിയാണ് രംഗം ശാന്തമാക്കിയത്. വൈകിട്ട് അഞ്ചരമണിയോടെ ബദിയടുക്ക ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ഓഫീസിന് നേരേ പടക്കമെറിഞ്ഞതായും സി.പി.എം ഓഫീസിൽ നിന്ന് പ്രകടനത്തിന് നേരെ കസേര എറിഞ്ഞതായും ഇരുപാർട്ടികളുടേയും നേതൃത്വം ആരോപിച്ചു. സി.പി.എം ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും 150 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

മൊയ്തു, നാസർ, ഷബീർ, സിറാജുദ്ദീൻ, കലന്തർ, ഷറഫുദ്ദീൻ തുടങ്ങിയവർക്കെതിരെയാണ് കേസ്. പടക്കമെറിഞ്ഞവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതിന് സി.പി.എം പ്രവർത്തകരായ രഘുരാമഷെട്ടി, ഹാരിസ്, ചന്ദ്രൻ പൈക്ക, നാരായണൻ പൊയ്യക്കണ്ടം, രവികുമാർ, മുഹമ്മദ് ഗനി, ഹമീദ്, ഉനൈസ് തുടങ്ങിയ 150 പേർക്കെതിരേയും കേസെടുത്തു. ഓഫീസിന് നേരെ പടക്കമെറിഞ്ഞതിനെ തുടർന്ന് പുക ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃഷ്ണൻ, സുനിത് കുമാർ വിദ്യാഗിരി എന്നിവർ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.