road-work
തലശ്ശേരി-കണ്ണൂർ റോഡിൽ നവീകരണം നടക്കുന്നു

തലശ്ശേരി: ദേശീയപാതയിൽ സംസ്ഥാനത്ത് രണ്ടാമതായി കോൾഡ് മില്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നവീകരണം ആരംഭിച്ചു. തലശ്ശേരി- കണ്ണൂർ ഭാഗത്ത് കൊടുവള്ളി മുതൽ നടാൽ ഗേറ്റ് വരെയാണ് രണ്ടാം ഘട്ട പണി നടക്കുന്നത്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. ധർമ്മടം മീത്തലെ പീടിക വരെയുള്ള ഭാഗത്താണ് ഇപ്പോൾ പണി പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴയിൽ പരീക്ഷിച്ച് വിജയിച്ച കോൾഡ് മില്ലിംഗ് എന്ന ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി പരോഗമിക്കുന്നത്. നിലവിലെ ടാറിംഗ് കിളച്ചെടുത്ത് പുനരുപയോഗിക്കും വിധമാണ് പ്രവൃത്തി. ഇതിലൂടെ റോഡ് പണിക്ക് ആവശ്യമായ 85 ശതമാനം അസംസ്‌കൃത വസ്തുക്കളും ലാഭിക്കാനാകും. മറ്റ് അസംസ്‌കൃത വസ്തുക്കളോടൊപ്പം സിമന്റ് മിശ്രിതം കൂടി ചേർക്കുന്നുവെന്ന പ്രത്യേകതയും പുതിയ സാങ്കേതിക വിദ്യക്കുണ്ട്. സിമന്റ് ഉറക്കാൻ 24 മണിക്കൂർ സമയം ആവശ്യമായി വരും.

അഴിയാക്കുരുക്കിൽ ഗതാഗതം

പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്ത് ദേശീയപാതയിൽ 18 മുതൽ ജനുവരി 2 വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടുവള്ളി-പിണറായി-മമ്പറം- ചാല താഴെചൊവ്വ വഴി വഴി തിരിച്ചു വിട്ടിരിക്കയാണ്. ഇത് കാരണം ദേശീയപാതയിലും സമീപ പ്രദേശത്തെ റോഡുകളിലും അഴിയാക്കുരുക്കാണ്. കൊടുവള്ളി വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ്. കൊടുവള്ളി റെയിൽവേ ഗേറ്റിൽ ഭാരവാഹ നങ്ങൾ കുടുങ്ങി കിടക്കുന്നതിനാലുള്ള ഗതാഗത കുരുക്ക് വേറെയുമുണ്ട്.