പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വെസ്റ്റ് ശിവക്ഷേത്രത്തിന് സമീപത്തെ പൂട്ടിയിട്ട വീട്ടിൽ നിന്നും 20 പവൻ സ്വർണാഭരണം കവർന്നു. പി.വി. നികേഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഗൾഫിലുള്ള നികേഷിന്റെ ഭാര്യ ബിജിലയും കുട്ടികളും തിരഞ്ഞെടുപ്പ് ദിവസമായ തിങ്കളാഴ്ച വീട് പൂട്ടി കല്യാശ്ശേരി പാറക്കടവിലെ വീട്ടിലേക്ക് വോട്ട് ചെയ്യുന്നതിനായി പോയതായിരുന്നു. തിരിച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് എത്തിയത്. വീട് തുറക്കാൻ നോക്കുമ്പോൾ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ സൂക്ഷിച്ച അലമാര തകർത്ത് ആഭരണങ്ങളും കവർന്നതായി അറിഞ്ഞത്.
വളപട്ടണം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തി മോഷണം നടന്ന ഭാഗങ്ങൾ പരിശോധിച്ചു. ശനിയാഴ്ച വിരലളയാട വിദഗ്ധരും പൊലീസ് നായയും എത്തി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.