
കണ്ണൂർ: മറ്റു ജില്ലകൾ കോൺഗ്രസിനെ കൈവിട്ടപ്പോൾ ആശ്വാസമായ കണ്ണൂരിലെ വിജയം ഉയർത്തിക്കാട്ടി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം പിടിക്കാൻ വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി നടത്തുന്ന തന്ത്രങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വേണുഗോപാൽ ഗ്രൂപ്പും ഒന്നിക്കുന്നു. കോൺഗ്രസ് സുധാകരന്റെ കൈയിലെത്തിയാൽ തങ്ങൾ അപ്രസക്തമാകുമെന്നാണ് ഇവരുടെ ആശങ്ക.കണ്ണൂർ കോർപ്പറേഷനിലെ വിജയത്തിന്റെ ശിൽപ്പിയെന്ന നിലയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു. നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നതെന്നും നേതൃമാറ്റം ഇല്ലെങ്കിൽ പാർട്ടിക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പ്ളള്ളി രാമചന്ദ്രനെതിരെ സുധാകരൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. നേതൃമാറ്റം പരിഹാരമല്ലെന്ന് എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും തുറന്നടിച്ചിരുന്നു. നേതൃമാറ്റം ഇല്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഇതിലും കനത്തതാവുമെന്നാണ് സുധാകര വിഭാഗം വിലയിരുത്തുന്നത്. സംഘടനയിൽ ചർച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്നതൊന്നും കോൺഗ്രസിന്റെ നിലപാടല്ലെന്നും ശുപാർശയ്ക്കും വ്യക്തിതാത്പര്യങ്ങൾക്കും വഴങ്ങാത്ത നേതൃനിര വേണമെന്നും കെ.പി.സി.സി തലത്തിലും ജില്ലാതലത്തിലും അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.
എന്നാൽ ഡൽഹിയിലുള്ള കെ.സി.വേണുഗോപാൽ ഒരു മുഴം മുമ്പേ ഹൈക്കമാൻഡിനെ കണ്ട് കാര്യങ്ങൾ അറിയിക്കാനാണ് നീക്കം.
അഞ്ചു കോർപറേഷനുകളും യു. ഡി. എഫിനെ കൈവിട്ടപ്പോൾ ആശ്വാസമായത് കണ്ണൂർ കോർപറേഷനാണ്. താൻ കണ്ണൂരിൽ ക്യാമ്പ് ചെയ്താണ് ഇതു സാധിച്ചതെന്ന് കെ.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ചില യു.ഡി.എഫ് നേതാക്കളുടെ മണ്ഡലത്തിലെ പഞ്ചായത്തുകളും നഗരസഭകളും എൽ.ഡി.എഫ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരേയുളള ഒളിയമ്പായിരുന്നു സുധാകരന്റേത്.
കെ.പി.സി.സി സ്ഥാനാർത്ഥികളെ നിർത്തി
കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സുധാകരൻ തന്നോട് ആലോചിച്ചില്ലെന്ന് മുല്ലപ്പള്ളിക്ക് പരാതിയുണ്ടായിരുന്നു. 13 ജില്ലാ കമ്മിറ്റികളും കെ.പി.സി.സി നിർദ്ദേശാനുസരണം പ്രവർത്തിച്ചപ്പോൾ കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയം കെ.സുധാകരന്റെ നിർദ്ദേശപ്രകാരമായിരുന്നു. ചിലയിടത്ത് കെ. പി. സി. സി സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും സുധാകരന്റെ സമ്മർദ്ദത്തിൽ പിന്മാറേണ്ടി വന്നു.
വെൽഫെയർ പാർട്ടിയുമായി സഖ്യം പാടില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞപ്പോഴും കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കോൺഗ്രസിന്റെ ഒരു സീറ്റ് വെൽഫെയർ പാർട്ടിക്ക് കൊടുത്തതും കെ.സുധാകരന്റെ നിർദ്ദേശത്തിലാണ്. കണ്ണൂരിലെ ഡി.സി.സിയുടെ സ്ഥാനാർത്ഥികൾക്ക് മേലെ കെ.പി.സി.സി സ്ഥാനാർത്ഥികളെ ഇറക്കി സുധാകരന് മുല്ലപ്പള്ളി തിരിച്ചടി നൽകിയെങ്കിലും കോർപറേഷനിലെ മികച്ച വിജയം തങ്ങൾക്കുള്ള പ്ലസ് മാർക്കാണെന്നാണ് സുധാകര വിഭാഗം പറയുന്നത്.