തൃക്കരിപ്പൂർ: ഉപ്പുവെള്ളം കയറി ഏക്കർ കണക്കിന് കൃഷിനാശമുണ്ടാകുന്നത് തടയാൻ കുണിയൻ പുഴക്ക് നിർമ്മിച്ച ഷട്ടർ കം ബ്രിഡ്ജ് പൂർത്തിയാകാത്തതിൽ ആശങ്കയുമായി കർഷകർ. പാതി ഫലപ്രദമാകുന്ന മണൽചാക്ക് നിരത്തിയുള്ള താൽക്കാലിക തടയണ തന്നെയാണ് ഇക്കുറിയും ഇവിടെ ഒരുക്കിയിട്ടുള്ളത്.
കവ്വായി കായലിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ഷട്ടർ കം ബ്രിഡ്ജ് ഒരുക്കിയത്. കുണിയൻ പുഴയുടെ കിഴക്കും പടിഞ്ഞാറുമായുള്ള കരിവെള്ളൂർ, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ഏക്കർ നെൽവയലുകളാണ് ഉപ്പുവെള്ള ഭീഷണി നേരിടുന്നത്. വർഷങ്ങളായി ഉപ്പുവെള്ളം കയറി കനത്ത നഷ്ടമാണ് കർഷകർ നേരിട്ടത്. ഇക്കുറിയും നഷ്ടം ആവർത്തിക്കാതിരിക്കാൻ കർഷകർ തന്നെ മുന്നിട്ടിറങ്ങിയാണ് താൽക്കാലിക തടയണ നിർമ്മിച്ചത്.
ഷട്ടർ ഘടിപ്പിച്ചാൽ മതി,
കഴിഞ്ഞ ജൂണിൽത്തന്നെ ഷട്ടർ കം ബ്രിഡ്ജിന്റെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായിരുന്നു. കാലവർഷം തുടങ്ങിയതിനാൽ ബാക്കിയുള്ള ഷട്ടർ ഫിറ്റു ചെയ്യുന്ന പ്രവൃത്തിമാറ്റിവെക്കുകയായിരുന്നു. തുടർന്ന് കാലാവസ്ഥ മാറിയതോടെ ഷട്ടർ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ്, സ്ഥാപിക്കാനായി ഇറക്കി വെച്ച ഷട്ടറുകൾ പഴയതാണെന്ന ആരോപണം കർഷകരിൽ നിന്നുയർന്നത്. ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ ഷട്ടറുകൾ ഫിറ്റു ചെയ്യാൻ സാധിക്കുകയുള്ളുവെന്നായി കോൺട്രാക്ടർ. ഇതോടെ പ്രവൃത്തി നീണ്ടുപോകുകയായിരുന്നു. മഴ മാറിയതോടെ വേലിയേറ്റസമയത്ത് കവ്വായിൽ കായലിൽ നിന്ന് ഉപ്പുവെള്ളം കയറാൻ തുടങ്ങിയതോടെ കർഷകർ വീണ്ടും മണൽചാക്ക് നിരത്തി തടയണ തീർക്കുകയായിരുന്നു.
കുണിയൻ പുഴയുടെ തീരത്തെ നെൽകൃഷിയിൽ പലപ്പോഴും വലിയ നഷ്ടങ്ങൾ സംഭവിക്കാറുണ്ട്. ഷട്ടർ കം ബ്രിഡ്ജ് നിർമ്മാണത്തോടെ എല്ലാറ്റിനും പരിഹാരമാകുമെന്നു കരുതിയതാണ്. പക്ഷെ ഉപ്പുവെള്ളത്തിൻ്റെ ഭീഷണി തടയാൻ ഇക്കുറിയും താൽക്കാലിക തടയണ നിർമ്മിക്കേണ്ടി വന്നു.ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന് ആശങ്കയുണ്ടാക്കുന്നു-പി.തമ്പാൻ,കുണിയനിലെ കർഷകൻ