
പരാതിക്കാരൻ സി.പി.എം ലോക്കൽ സെക്രട്ടറി
സി.ഐയുടെ വിരട്ടൽ എസ്.ഐയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്
കാസർകോട്:തന്നെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിൽ ഉന്നത ഇടപെടലുണ്ടായതിനെ തുടർന്ന് സി.ഐ അവധിയിൽ പോയി. കാസർകോട് ഇൻസ് പെക്ടർ കെ.രാജേഷാണ് 15 ദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചത്. സി.പി.എം വിദ്യാനഗർ ലോക്കൽ സെക്രട്ടറി അനിൽ ചെന്നിക്കരയെ അകാരണമായി ഭീഷണിപ്പെടുത്തിയെന്ന പരാതിയ്ക്ക് പിന്നാലെയാണ് സി.ഐയുടെ അവധിപ്രവേശം.
സംഭവത്തിൽ ഡിവൈ എസ് പിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അടുത്ത നടപടിയുണ്ടാകുമെന്നാണ് വിവരം. എസ്.ഐയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു സി.ഐയുടെ ഭീഷണിയെന്ന് സി.ഐയുടെ ഭീഷണിയെന്ന് അനിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ച് കൈയും കാലും തല്ലിയൊടിക്കുമെന്നും മാതാപിതാക്കളെ വരെ അപമാനിച്ചുവെന്നും ഈ പരാതിയിലുണ്ട്. ഭീഷണിപ്പെടുത്തിയതിന്റെ ഫോൺ റിക്കാർഡിംഗ് കൈയിലുണ്ടെന്നും അനിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റേഷനിൽ കുത്തിയിരിപ്പും
ലോക്കൽസെക്രട്ടറിയെ അപമാനിച്ച സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏരിയാസെക്രട്ടറി മുഹമ്മദ് ഹനീഫയും പ്രവർത്തകരും ടൗൺ സ്റ്റേഷനിൽ കുത്തിയിരുന്നതോടെ പൊലീസ് അനുനയനീക്കം നടത്തുകയായിരുന്നു. സി.ഐ അവധിയിൽ പോയെന്നും പരാതിയിൽ അന്വേഷിച്ച് നടപടിയുണ്ടാകുമെന്നും ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.