
തളിപ്പറമ്പ്: ആന്തൂർ നഗരസഭ ചെയർമാനായി സി.പി.എം തളിപ്പറമ്പ് മുൻ ഏരിയാസെക്രട്ടറി പി. മുകുന്ദൻ ചുമതലയേൽക്കും. നാലാം വാർഡ് മുണ്ടപ്രത്തു നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഏരിയ സെക്രട്ടറിയായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനമൊഴിഞ്ഞത്.
ദീർഘകാലം സി.പി.എം മൊറാഴ ലോക്കൽ സെക്രട്ടറിയായിരുന്നു. സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ, കർഷക തൊഴിലാളി യൂണിയൻ നേതാവ്, കൽക്കോ ചെയർമാൻ, പാപ്പിനിശേരി റൂറൽ കോ-ഓപ്് ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സി.പി.എം ജില്ലാ കമ്മറ്റി അംഗമാണ്. പി. മുകുന്ദൻ ആദ്യമായാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒഴക്രോം വാർഡിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വി. സതീദേവിയുടെ പേരാണ് ഉയർന്നു വരുന്നത്. മൊറാഴ വീവേഴ്സ് സൊസൈറ്റിയിൽ നിന്നും സെക്രട്ടറിയായി വിരമിച്ച സതീദേവി ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയകമ്മറ്റി അംഗമാണ്, സി.പി.എം മുതിർന്ന നേതാവും മുൻ തളിപ്പറമ്പ് നഗരസഭാ ചെയർമാനുമായിരുന്ന പരേതനായ വാടി രവിയുടെ സഹോദരിയാണ്.
തളിപ്പറമ്പ് ബ്ലോക്കിൽ സി.എം.കൃഷ്ണന് പരിഗണന
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കുറ്റ്യേരി ഡിവിഷനിൽ നിന്നും വിജയിച്ച സി.എം കൃഷ്ണന്റെ പരിഗണിച്ചേക്കും. പട്ടുവം ഡിവിഷനിൽ നിന്നും വിജയിച്ച ആനക്കീൽ ചന്ദ്രന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു വരുന്നുണ്ട്.
സി.എം. കൃഷ്ണൻ സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മറ്റി അംഗവും സി.ഐ.ടി.യു ഏരിയ പ്രസിഡന്റുമാണ്. തളിപ്പറമ്പ് സഹകരണ ആശുപത്രി മുൻ പ്രസിഡന്റായിരുന്നു. ആദ്യ തവണയാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ആനക്കീൽ ചന്ദ്രൻ മുൻ പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മറ്റിയിലും കർഷക സംഘം തളിപ്പറമ്പ് ഏരിയ കമ്മറ്റിയിലും അംഗമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആലക്കോട് ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി. പ്രേമലതയുടെ പേരാണ് പരിഗണനയിലുളളത്. ഇവർ സി.പി.എം ആലക്കോട് ഏരിയ കമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമാണ്.