muneer
അഡ്വ.വി.എം.മുനീർ

കാസർകോട്: കാസർകോട് നഗരസഭയുടെ അദ്ധ്യക്ഷനെയും ഉപാദ്ധ്യക്ഷനെയും കണ്ടെത്താൻ മുസ്ലിംലീഗിൽ ആലോചന മുറുകി. മത്സരിച്ച 23 സീറ്റുകളിൽ 21 ഇടത്തും വിജയിച്ച് ആധിപത്യം പുലർത്തിയ സാഹചര്യത്തിൽ ധൃതിപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശം.

നാളെ നഗരസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് തീരുമാനമെടുക്കാമെന്നാണ് ജില്ലാനേതൃത്വത്തിന്റെ തീരുമാനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും മുസ്ലിംലീഗ് ജില്ലാ കമ്മറ്റിയുടെ പ്രഖ്യാപനമുണ്ടാകുക. തളങ്കര ഖാസിലേൻ വാർഡിൽ നിന്ന് വിജയിച്ച അഡ്വ. വി.എം. മുനീർ, ചേരങ്കൈ ഈസ്റ്റ് വാർഡിൽ നിന്ന് വിജയിച്ച അബ്ബാസ് ബീഗം എന്നിവരിൽ ഒരാളെയായിരിക്കും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയിലെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ വി.എം. മുനീർ നിലവിൽ മുസ്ലിം ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റാണ്. 2010 ൽ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന അബ്ബാസ് ബീഗം ഇപ്പോൾ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റും.

ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, ജനറൽ സെക്രട്ടറി എ അബ്ദുൾ റഹ്മാൻ അടക്കുമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് രണ്ടുനേതാക്കളും. കഴിഞ്ഞ ഭരണത്തിൽ ഏറെ തിളങ്ങിയ വി എം മുനീറിനാണ് മുൻതൂക്കം ഉള്ളതെങ്കിലും അബ്ബാസ് ബീഗത്തിന് വേണ്ടിയും നീക്കങ്ങൾ സജീവമാണ്. ഐ. എൻ എല്ലിൽ നിന്ന് മുസ്ലിംലീഗിൽ എത്തിയ അബ്ബാസ് ബീഗം നേരത്തെ കൗൺസിൽ അംഗമായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പിൽ പള്ളം വാർഡിൽ നിന്നും ഒരു വോട്ടിന് തോറ്റതിനാൽ കഴിഞ്ഞ കൗൺസിലിൽ അബ്ബാസ് ഉണ്ടായിരുന്നില്ല.

അടുക്കത്ത്ബയൽ സീറ്റിൽ നിന്ന് വിജയിച്ച ഷംസീദ ഫിറോസ്, തളങ്കര കേക്കേപുറം സംവരണ വാർഡിൽ നിന്ന് വിജയിച്ച കെ. റീത്ത എന്നിവരിൽ ഒരാളെയാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ലീഗ് നേതൃത്വം പരിഗണിക്കുന്നത്.