veedu

കണ്ണൂർ:ശരാശരി മലയാളിയുടെ വലിയ സ്വപ്നമാണ് കിടക്കാൻ സ്വന്തമായൊരു വീടെന്നത്. എന്നാൽ ലോണും കടവുമൊക്കെയായി വീടുവയ്ക്കാനിറങ്ങുന്ന ഇടത്തരക്കാർ വലയും. അതുമിതും പറഞ്ഞ് കെട്ടിട നിർമ്മാണ ലൈസൻസ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ പൂട്ടാനിറങ്ങിയിരിക്കുകയാണ് വിജിലൻസ് വിഭാഗം.

കെട്ടിട നിർമാണ അനുമതി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ വിജിലൻസ് സംഘം ഒരുങ്ങിക്കഴിഞ്ഞു. അപേക്ഷകൾ ഒരു കാരണവുമില്ലാതെ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നുവെന്ന നിരവധി പരാതി വിജിലൻസിന് കിട്ടാറുണ്ട്. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടെയാണ് കൈക്കൂലി വാങ്ങിയ കണ്ണൂർ കോർപ്പറേഷൻ എടക്കാട്‌ സോണലിലെ ഫസ്‌റ്റ്‌ഗ്രേഡ്‌ ഓവർസിയർ രമേശ്‌ ബാബുവും ഡ്രൈവർ പ്രജീഷും പിടിയിലായത്. കണ്ണൂർ അലവിൽ സ്വദേശി സജയകുമാറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്‌.

ഭാര്യയുടെയും സഹോദരിയുടെയും പേരിൽ നിർമിക്കുന്ന രണ്ട്‌ കെട്ടിങ്ങൾക്ക്‌ അനുമതിക്കായി ഒക്‌ടോബറിലാണ്‌ കോർപ്പറേഷനിൽ അപേക്ഷ നൽകിയത്‌. പലവിധകാരണങ്ങൾ പറഞ്ഞ്‌ ഇവരെ തിരിച്ചയക്കുകയായിരുന്നു. ഈ മാസം ആദ്യം പെർമിറ്റ്‌ ഫീസ്‌ കൂടുതലാണെന്നും അത്‌ കുറക്കാൻ അയ്യായിരം രൂപ നൽകണമെന്നും ഓവർസിയർ രമേശ്‌ബാബു സജയകുമാറിനോട്‌ ആവശ്യപ്പെട്ടു. നേരിൽ വേണ്ടെന്നും ഡ്രൈവർ പ്രജീഷിനെ ഏൽപ്പിക്കണമെന്നുമായിരുന്നു നിർദ്ദേശം. ഈ വിവരം സജയകുമാർ വിജിലൻസ്‌ ഡിവൈ.എസ്‌‌.പി ബാബു പെരിങ്ങേത്തിനെ അറിയിച്ചു. ശ്രീപുരം സ്‌കൂൾ ഗ്രൗണ്ടിൽ പണവുമായി എത്താനാണ്‌ പ്രജീഷ്‌ ആവശ്യപ്പെട്ടത്‌. ഇവിടെവച്ച്‌ പണം വാങ്ങുന്നതിനിടെ പ്രജീഷിനെയും തുടർന്ന്‌ രമേശ്‌ ബാബുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ചട്ടലംഘനമില്ലെങ്കിൽ

അനുമതി നൽകണം

കേരള കെട്ടിടനിർമ്മാണ ചട്ട ലംഘനം ഇല്ലായെന്ന് ഉറപ്പായാൽ ആർക്കും വീടുവയ്ക്കാൻ അനുമതി നൽകണമെന്നാണ് ചട്ടം. പക്ഷേ കൈക്കൂലിയുടെ സാദ്ധ്യതയുണ്ടെന്നതിനാൽ ഒരിടത്തും അത്ര പെട്ടെന്ന് നടക്കില്ല. കൈമടക്ക് കിട്ടിയാലെ കോർപ്പറേഷനിലെയും നഗരസഭയിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ കണ്ണ് തുറക്കുവെന്നാണ് അവസ്ഥ.

അത്തരക്കാർക്ക് പണി കൊടുക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണ് വിജിലൻസ് വിഭാഗം.

വീടിന്റെ ലൈസൻസ് ബോധപൂർവ്വം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ കിട്ടുന്നുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തന്നെയാണ് തീരുമാനം. പരിശോധന തുടരും

ബാബു പെരിങ്ങേത്ത്, വിജിലൻസ് ഡിവൈ. എസ്.പി, കണ്ണൂർ