
ഡി.സി.സികളുടെയും ഭാരവാഹികളുടെയും മൂല്യനിർണയവും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല
കണ്ണൂർ: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് ഡി.സി.സികളുടെയും ഭാരവാഹികളുടെയും പ്രവർത്തന മികവ് വിലയിരുത്താൻ നടത്തിയ മൂല്യനിർണയവും കോൺഗ്രസിന് ഗുണം ചെയ്തില്ല. വിലയിരുത്തലിൽ പാസ് മാർക്കും ഫസ്റ്റ് ക്ലാസും വരെ നേടിയവർക്കും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ കൂട്ടത്തോൽവി. കെ.പി.സി..സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുൻകൈയെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് ഹൈടെക് മൂല്യനിർണയ രീതി നടപ്പാക്കിയത്. ഡി.സി.സി ഭാരവാഹികൾ, ബ്ളോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാസം തോറും വിലയിരുത്താനും ആവശ്യമെങ്കിൽ തിരുത്തൽ നടപടി നിർദേശിക്കാനുമായിരുന്നു പദ്ധതി.ഈ സംവിധാനം സംഘടനയെ കൂടുതൽ ചലനാത്മകമാക്കിയെന്നു നേതൃത്വം കണക്കൂ കൂട്ടുമ്പോഴും, ഇതു കൊണ്ടാെന്നും സംഘടനാ ദൗർബല്യം പരിഹരിക്കാനാവില്ലെന്നു നേതാക്കളിൽ അന്നേ ഭിന്നാഭിപ്രായമുണ്ടായിരുന്നു.
ത്രൈമാസ
വിലയിരുത്തൽ
പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് എന്നീ മൂന്നു കാറ്റഗറികളായി തിരിച്ചായിരുന്നു വിലയിരുത്തൽ
* മികച്ച പ്രവർത്തനം -പച്ച- 9 ഡി.സി.സി.കൾ- 9 കെ.പി.സി.സി. ഭാരവാഹികൾ
* ശരാശരി -മഞ്ഞ- 5 ഡി.സി.സി.കൾ- 20 കെ.പി.സി.സി. ഭാരവാഹികൾ
* മികവില്ലാത്തവർ -ചുവപ്പ്- 16 കെ.പി.സി.സി. ഭാരവാഹികൾ
3 ഡി.സി.സി കൾക്ക്
എതിരെ നടപടി
കനത്ത തോൽവി നേരിട്ട ഡി..സി..സി കൾക്കെതിരെ നടപടി വേണമെന്നാണ് കെ.പി.സി.സി നിലപാട്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഡി.സി..സി കൾക്കെതിരെ നടപടി വരും. കൊല്ലം ഡി..സി..സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്ററുകളും കൊല്ലത്ത് പ്രചരിച്ചു തുടങ്ങി.