
മംഗളൂരു:കണ്ണൂർ സ്വദേശികളും ബിസിനസുകാരുമായ ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ ഇരുട്ടിന്റെ മറവിൽ മിന്നലാക്രമണത്തിലൂടെ കർണാടക പൊലീസ് കീഴടക്കി. വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയ കുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് ഒരു പോറൽപോലും ഏല്ക്കാതെ രക്ഷപ്പെടുത്തിയത്. ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മംഗളുരു ബൽത്തങ്ങാടി ഉജിരെയിൽ മലയാളി ബിസിനസുകാരും കണ്ണൂർ സ്വദേശികളുമായ ബിജോയ് അറയ്കലിന്റെയും ശാരിതയുടെയും എട്ടുവയസുള്ള മകൻ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്. ബംഗളൂരു ഇലക്ട്രോണിക്സ് സിറ്റിയിലെ കോമൾ, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധർ, കുട്ടിയെ ഒളിപ്പിച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങൾ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിനു മുന്നിൽ ബിജോയിയുടെ പിതാവ് ശിവൻ നോക്കിനിൽക്കേയാണ് ബംഗ്ളൂരു രജിസ്ട്രേഷനിലുള്ള വെള്ള ഇൻഡിക്ക കാറിലെത്തിയ സംഘം റോഡരികിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കോലാർ ജില്ലയിലെ ഉൾപ്രദേശത്തെ വീട്ടിൽ ഒളിപ്പിച്ചശേഷം വെള്ളിയാഴ്ച രാവിലെ അനുഭവിന്റെ അമ്മ ശാരിതയെ ഫോണിൽ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഹാർഡുവെയർ ബിസിനസുകാരനാണ് പിതാവ് ബിജോയ്. ബൽത്തങ്ങാടി പൊലീസ് അന്വേഷണം തുടരവേ, സംഘാംഗം ശാരിതയെ വീണ്ടും വിളിച്ച് മോചനദ്രവ്യം 100 ബിറ്റ്കോയിനായി നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് അത് 20 ആയി കുറച്ചു. പണമായി നൽകുന്നെങ്കിൽ പത്തുകോടി മതിയെന്നും പറഞ്ഞു. പിന്നീട് വിളിച്ച് 25 ലക്ഷം രൂപ അടിയന്തരമായി എത്തിക്കണമെന്നായി. ഇതിനിടെ ഫോൺ ലൊക്കേഷൻ കോലാർ ജില്ലയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാലൂർ താലൂക്കിലെ കൂർമഹൊസഹള്ളി എന്ന ഗ്രാമത്തിലെ വീടായിരുന്നു ഇത്.
ബിഗ് സല്യൂട്ട് പൊലീസ്
കുട്ടിയുടെ സുരക്ഷിതത്വം മുൻനിറുത്തി കോലാർ പൊലീസിന്റെ സഹായത്തോടെ വീട് കണ്ടെത്തി നിരീക്ഷണത്തിലാക്കി. സംഘം ഉറക്കത്തിലായിരിക്കേ ശനിയാഴ്ച പുലർച്ചെ കെട്ടുറപ്പില്ലാത്ത വീടുവളഞ്ഞ് പൊലീസ് ഇരച്ചുകയറുകയായിരുന്നു. ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി ബി.എൽ. ലക്ഷ്മിപ്രസാദും കോലാർ ജില്ലാ പൊലീസ് മേധാവി കാർത്തിക് റെഡ്ഡിയും ഓപ്പറേഷന് നേതൃത്വം നല്കി. കുട്ടിയെ കുടുംബത്തിന് കൈമാറി. ബിജാേയുടെ ബിസിനസ് അറിയാവുന്നവർ ആയിരിക്കാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നു കരുതുന്നു.
ബിറ്റ്കോയിൻ
ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയം. ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് കറൻസിയോ അല്ല. ഒരു ബിറ്റ് കോയിൻ മൂല്യം 117,41,337.89 രൂപ.