
കണ്ണൂർ: പ്ളസ് ടു കോഴക്കേസിൽ കെ.എം ഷാജി എം.എൽ.എയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാൻ 2014ൽ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലൻസ് കണ്ണൂർ യൂണിറ്റ് അന്വേഷണം നടത്തുന്നത്. അതേസമയം ഭൂമി കൈയ്യേറി വീട് നിർമ്മിച്ചതിൽ വിശദീകരണം നൽകാൻ കെ.എം ഷാജിയുടെ ഭാര്യ ആശ കോഴിക്കോട് കോർപറേഷനോട് കൂടുതൽ സമയം ആവശ്യപ്പെട്ടു.
ഡിസംബർ 17ന് ഹാജരാകാനാണ് കോഴിക്കോട് കോർപ്പറേഷൻ ഷാജിയുടെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കൈയേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്. ചട്ടവിരുദ്ധമായി വീട് നിർമ്മിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കൈയേറ്റം കണ്ടെത്തിയത്. ആശയുടെ പേരിലാണ് ഭൂമി. ഇതുമായി ബന്ധപ്പെട്ട് എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്‌മെന്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ മുനീറിനും പങ്കുണ്ടെന്ന് കാണിച്ച് ഐ.എൻ.എൽ നേതാവ് അബ്ദുൾ അസീസാണ് പരാതി നൽകിയത്. വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നാണെന്ന് പരാതിയിൽ പറയുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും ആധാരത്തിൽ 37 ലക്ഷം രൂപ മാത്രമാണ് കാണിച്ചതെന്നും പരാതിയിൽ പറയുന്നു. രജിസ്‌ട്രേഷൻ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.