പ്രവൃത്തി നടന്നത് കുടിവെള്ളപൈപ്പ് നീക്കാതെ
കയ്യൂർ: മെക്കാഡം ടാറിംഗ് പൂർത്തിയാക്കി രണ്ടുമാസത്തിനുള്ളിൽ റോഡിൽ വൻകുഴി രൂപപ്പെട്ടു. കയ്യൂർ ചെമ്പ്രങ്ങാനം റോഡിൽ മുണ്ട്യത്താൾ വളവിലാണ് റോഡിന്റെ ഒത്തനടുവിൽ കുഴി രൂപപ്പെട്ടത്. വേഗതയിൽ ഓടിച്ചുവരുന്ന വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ നാട്ടുകാർ ചുറ്റുപാടും ടാർ വീപ്പകൾ വെച്ചിരിക്കയാണിപ്പോൾ.
കയ്യൂർ-ചെമ്പ്രങ്ങാനം റോഡ് മെക്കാഡം പ്രവൃത്തി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. കയ്യൂർ അരയാക്കടവ് പാലം മുതൽ ചെമ്പ്രങ്ങാനം ജംഗ് ഷൻ വരെയാണ് ടാറിംഗ് പൂർത്തിയായത്. കുഴി പ്രത്യക്ഷപ്പെട്ട ഭാഗത്ത് കൂടെ കുടിവെള്ള പൈപ്പ് പോകുന്നുണ്ട്. കരാറുകാരന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇത് നീക്കാതെയാണ് ഇവിടെ പ്രവൃത്തി നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.