കാഞ്ഞങ്ങാട്: ശക്തമായ ഇന്റർനെറ്റ് ശൃംഖല കെ ഫോൺ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുമ്പോൾ മുന്നിൽ കുതിച്ച് കാസർകോട്. ജില്ലയിൽ കെ.എസ‌്.ഇ.ബി വൈദ്യുതി തൂണുകളിലൂടെ കേബിൾ വലിക്കുന്ന ജോലി അതിവേഗത്തിലാണ് നടക്കുന്നത‌്. ഒന്നാംഘട്ടത്തിൽ 790 കിലോമീറ്റർ കേബിൾ കണക്ഷൻ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിൽ 557 കിലോമീറ്റർ ദൂരത്തിൽ കേബിൾ വലിച്ചുകഴിഞ്ഞു.
സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നൽകുന്നതോടൊപ്പം സ്‌കൂൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ മുതലായ പൊതുസ്ഥാപനങ്ങൾക്കും കണക്ഷൻ ലഭിക്കും. വിവിധ കേന്ദ്രങ്ങളിൽ വൈഫൈ സ്‌പോട്ടുകളും സ്ഥാപിക്കും. ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ വിഭാവനം ചെയ‌്ത 1500 കോടി രൂപ മുതൽ മുടക്കുള്ളതാണ് കേരള ഫൈബർ ഒപ്റ്റിക‌് നെറ്റ‌് വർക്ക‌് പദ്ധതി.
എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ് ലഭ്യമാക്കാനാണ‌് ലക്ഷ്യമിടുന്നത‌്. സംസ്ഥാനത്തെ 10 ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ സൗജന്യമായിരിക്കും. കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ക്ട്രച്ചർ ലിമിറ്റഡും കെ.എസ‌്.ഇ.ബിയും യോജിച്ചാണ് കെ ഫോൺ നടപ്പാക്കുന്നത്. 20 ലക്ഷം വീടുകളിലും 30,000 ത്തിലധികം സർക്കാർ ഓഫീസുകളിലും ചുരുങ്ങിയ ചെലവിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകും. കണക്ഷൻ ലഭ്യമാക്കേണ്ട ഓഫീസുകളുടെ കണക്കെടുപ്പ് പൂർത്തിയായി. സംസ്ഥാനത്ത് 5617 കിലോമീറ്റർ ദൂരം കേബിൾ സ്ഥാപിച്ച‌് 8693 ഓഫീസുകളിലേക്ക‌് കേബിളുകൾ എത്തിച്ചു കഴിഞ്ഞു. കേബിൾ ടിവി കണക്ഷൻ കൂടി ഇതിലൂടെ ലഭ്യമാകുമ്പോൾ ബാർക്ക് റേറ്റിങ്ങിനേക്കാൾ മികച്ച ടെലിവിഷൻ ഡാറ്റ സർക്കാരിന്റെ നിയന്ത്രണത്തിലാകും.
50,000 കിലോമീറ്റർ ആദ്യഘട്ട ലക്ഷ്യം
പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് എന്നത് മാത്രമല്ല കെ ഫോണിന്റെ പ്രത്യേകത. ഡാറ്റയുടെയും ഇന്റർനെറ്റിന്റെയും മേലുള്ള കോർപറേറ്റ് മോഡലിന് ലോകത്ത് ഇന്നേവരെയില്ലാത്ത ബദൽ പദ്ധതിയാണിത്. നിലവിൽ 30,000 കിലോമീറ്റർ മാത്രമാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ച സ്വകാര്യ കമ്പനിക്ക് എത്താനായത്. കെ-ഫോണിൽ വിദൂരമായ പ്രദേശങ്ങളിൽപോലും ഒപ്റ്റിക്കൽ ഫൈബർ കേബിൾ എത്തും. 50,000 കിലോമീറ്ററാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്