മാഹി: തിരഞ്ഞെടുപ്പ് ചൂടിൽ പ്രമുഖ കോൺഗ്രസ് നേതാവ് ന്യൂ മാഹി കല്ലായി അങ്ങാടിയിലെ ഇ. ഭാസ്‌കരന്റെ
പതിനെട്ടാം ചരമ വാർഷിക ദിനം പാർട്ടി പ്രവർത്തകർ മറന്ന് പോയി!. കെ.എസ്.യു വിന്റെ സംസ്ഥാന സ്ഥാപക നേതാക്കളിൽ ഏറെ പ്രമുഖനായിരുന്നു ഇ. ഭാസ്‌കരൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ, വൈസ് പ്രസിഡന്റായിരുന്നു ഇ .ഭാസ്‌കരൻ,. ഏറെക്കാലം കെ.എസ്.യു വിന്റെ സംസ്ഥാന ട്രഷറർ കൂടിയായിരുന്നു. മയ്യഴിയിലെ കറകളഞ്ഞ കോൺഗ്രസുകാരനെ ആദരവോടെ തന്നെയാണ് പാർട്ടിയിലെ സമുന്നത നേതാക്കൾ ഇന്നും നോക്കിക്കാണുന്നത് .
മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, വയലാർ രവി, വി.എം സുധീരൻ, എ.സി.ഷൺമുഖദാസ് തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു മയ്യഴിയിലെ റെയിൽവേ സ്റ്റേഷൻ റോഡിനടുത്തുള്ള ഭാസ്‌കരേട്ടന്റെ '' ദർശന '' എന്ന വീട് .കേവലം സൗഹൃദകൂട്ടായ്മ എന്നതിലുപരി, രാഷ്ട്രീയ ചർച്ചകൾക്കും തീരുമാനങ്ങൾക്കും വരെയുള്ള ലളിതമായ വേദികൂടിയായിരുന്നു ഒരു കാലത്ത് മാഹിയിലെ ഈ വീട്.