പയ്യന്നൂർ: ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി ചിറ്റടി സ്വദേശിയും പുഞ്ചക്കാട് കുറുങ്കടവിലെ താമസക്കാരനുമായ പുതിയപുരയിൽ ഷിജു (37)വിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനടുത്ത് കൊറ്റിയിൽ ബസ്‌ കാത്തുനിന്ന 48-കാരിക്ക് ബസ് കിട്ടാതെ വന്നതിനെത്തുടർന്നാണ് അതുവഴി വന്ന ഓട്ടോക്കാരനോട് പാലക്കോട് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചാർജ് പറഞ്ഞുറപ്പിച്ച് ഓട്ടോയിൽ കയറിയ യാത്രക്കാരിക്ക് ഡ്രൈവറുടെ സംസാരത്തിൽ പന്തികേട് തോന്നിയതിനെത്തുടർന്ന് ഓട്ടോ നിർത്താനാവശ്യപ്പെട്ടെങ്കിലും നിർത്തിയില്ലെന്ന് പരാതിയിൽ പറയുന്നു.

ഒടുവിൽ കുറുങ്കടവിലെത്തിയപ്പോഴേക്കും ഇയാളുടെ ശല്യം കൂടുകയും ഓട്ടോയുടെ വേഗം കുറഞ്ഞ സമയത്ത് യാത്രക്കാരി ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരിക്കുപറ്റിയ തന്നെ മറ്റൊരു ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്താൻ സഹായിച്ചതെന്ന് യാത്രക്കാരി പൊലീസിന് മൊഴി നൽകി.