കാസർകോട്: ചുമര് തുറന്ന് നഗരത്തിലെ രണ്ടു കടകളിൽ മോഷണം. 60,000 ത്തോളം രൂപ കവർന്നു. എം.ജി റോഡ് പഴയ ബസ് സ്റ്റാൻഡിനടുത്ത താഹിറ മെഡിക്കൽ ഷോപ്പ്, സമീപത്തെ കെ.ആർ പഴം പച്ചക്കറി കടയിലുമാണ് മോഷണം നടന്നത്. മെഡിക്കൽ ഷോപ്പിലെ മേശ വലിപ്പിൽ സൂക്ഷിച്ച 52,700 രൂപയും, പച്ചക്കറി കടയിലെ നിന്നും 6000 രൂപയുമാണ് കവർന്നത്. ഇന്നലെ രാവിലെ എട്ടരയോടെ കടയിൽ എത്തിയ ജീവനക്കാർ ഷട്ടർ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരിശോധിച്ചപ്പോഴാണ് പിറക് വശത്തെ ചുമര് തുരന്ന നിലയിൽ കണ്ടത്. സംഭവമറിഞ്ഞ് പൊലീസ് പരിശോധന നടത്തി. കട ഉടമകളുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.