ചെറുവത്തൂർ: ചെറുവത്തൂരിലെ സഹകരണ ജനകീയ സ്ഥാപനമായ തിമിരി സർവീസ് സഹകരണ ബാങ്ക് ആരോഗ്യമേഖലയിലും ചുവടുറപ്പിക്കുന്നു. നഗര, ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുകയെന്ന ദൗത്യവുമായി ചെറുവത്തൂർ സഹകരണ ഹെൽത്ത് കെയർ പൂർത്തിയാവുകയാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ചെറുവത്തൂർ സഹകരണ ഹെൽത്ത് കെയർ പുതുവർഷത്തിൽ പ്രവർത്തനം ആരംഭിക്കും.
എല്ലാ വിഭാഗങ്ങളിലുമുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, ആധുനിക സംവിധാനങ്ങളോടെ പ്രവൃത്തിക്കുന്ന മെഡിക്കൽ ലബോറട്ടറി, മികച്ച പരിശീലനം നേടിയിട്ടുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സേവനം, മിതമായ നിരക്കിൽ എല്ലാ മരുന്നുകളും ലഭ്യമാക്കുന്ന രീതിയിൽ നീതി, ജൻ ഔഷധി മരുന്നു ഷോപ്പുകൾ, രോഗ നിർണയം നടത്തുന്നതിനാവശ്യമായ മറ്റ് ആധുനിക പരിശോധനാ സംവിധാനങ്ങൾ തുടങ്ങിയവ സഹകരണ ഹെൽത്ത് കെയറിൽ ലഭ്യമാക്കും.
ആരോഗ്യ മേഖലയിൽ നിലവിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ബാങ്ക് അധികൃതർ കൂടുതൽ ചർച്ചകൾ നടത്തിവരികയാണ്. ചെറുവത്തൂർ ടൗണിലെ പാക്കനാർ തീയേറ്ററിന് തെക്കുഭാഗത്തായി ദേശീയപാതയ്ക്ക് സമീപം സഹകരണ ഹെൽത്ത് കെയർ പ്രവർത്തനം തുടങ്ങുന്നതിനുള്ള ബഹുനില കെട്ടിടം പൂർത്തിയായി.
ആംബുലൻസ് സേവനം, മരുന്നുകടകൾ തുടങ്ങി തിമിരി സഹകരണ ബാങ്ക് നേരത്തെ തന്നെ ആരോഗ്യമേഖലയുടെ ഭാഗമായി പ്രവർത്തിച്ചു വന്നിരുന്നു. കൊവിഡ് രൂക്ഷമായ ഘട്ടത്തിൽ ഈ രംഗത്ത് സ്തുത്യർഹമായ സേവനം തന്നെ തിമിരി ബാങ്ക് നടത്തിയിരുന്നു. ബാങ്കിന്റെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന ആരോഗ്യരംഗത്തെ സംവിധാനങ്ങളെല്ലാം ഹെൽത്ത് കെയറിന്റെ ഭാഗമാകും.
ചെറുവത്തൂർ ഹെൽത്ത് കെയർ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. എല്ലാ വിഭാഗം ആളുകൾക്കും ചുരുങ്ങിയ ചെലവിൽ മികച്ച ആരോഗ്യ സേവനം സഹകരണ മേഖലയിൽ ലഭ്യമാക്കുവാനുള്ള ഈ പുതിയ സംരംഭത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
വി. രാഘവൻ
പ്രസിഡന്റ്, തിമിരി സർവ്വീസ് സഹകരണ ബാങ്ക്