jayarajan

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും വെൽഫെയർ പാർട്ടിയും ബി.ജെ.പിയും തമ്മിൽ വോട്ട് കച്ചവട രാഷ്ട്രീയമാണ് നടന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നിരിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു . കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാനായി പരിശ്രമിക്കുന്ന ലീഗ് തങ്ങളുടെ വോട്ട് കച്ചവട രാഷ്ട്രീയത്തിന് പറ്റാവുന്ന നേതാക്കന്മാരെ കോൺഗ്രസിലും ബി.ജെ.പിയിലും കൊണ്ടുവരാനാണോ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു .

വോട്ട് കച്ചവടം നടന്നിട്ടും എൽ.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ച ജനങ്ങൾ മതനിരപേക്ഷതയാണ് ഉയർത്തിപ്പിടിച്ചത്. തലശ്ശേരി മുൻസിപ്പാലിറ്റിയിലെ ചില വാർഡുകളിൽ നഗ്നമായി വോട്ട് കച്ചവടം നടത്തിയിട്ടും യു.ഡി.എഫ് രക്ഷപ്പെട്ടില്ല. വോട്ട് കച്ചവടം ഗുണം ചെയ്തത് ബി.ജെ.പിക്കാണ്.

ഈ വോട്ട് കച്ചവടം നടന്നിട്ടും ഇടതുപക്ഷം ഈ വാർഡിൽ വിജയിച്ചു. കൊമ്മൽ, നങ്ങാറത്ത്, ബാലത്തിൽ, കോമത്ത്പാറ എന്നീ വാർഡുകളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് കച്ചവടം നടത്തിയതെങ്കിൽ ഗോപാലപേട്ടയിൽ ബി.ജെ.പി ലീഗിനും, മാരിയമ്മയിൽ ലീഗ്‌, വെൽഫെയർ പാർട്ടികൾ ബി.ജെ.പിക്കുമാണ് വോട്ട് നൽകിയത്. എന്നിട്ടും ഈ രണ്ട് ഡിവിഷനിലും ഇടതുപക്ഷം വിജയിച്ചു.
തലശ്ശേരിയിൽ കോൺഗ്രസും ലീഗുമായും കൂട്ടുകൂടിയിട്ടും ബി.ജെ.പിക്ക് വോട്ട് മറിച്ച് നൽകിയിട്ടും വെൽഫെയർ പാർട്ടിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റ് നഷ്ടപ്പെടുക മാത്രമല്ല പൂജ്യത്തിലെത്തുകയും ചെയ്തു. ആറു സീറ്റ് ഉണ്ടായിരുന്ന ലീഗിന് ഇത്തവണ നാല് സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. കോൺഗ്രസ്സിനാവട്ടെ മൂന്ന് സീറ്റ് മാത്രം. ലീഗും കോൺഗ്രസും ബി.ജെ.പിയെ വോട്ട് നൽകി വളർത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.