sdpi

ലക്ഷ്യം ബി.ജെ.പിയെ അകറ്റലോ..?

കാസർകോട്: ജില്ലയിൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലെ നിരവധി പഞ്ചായത്തുകളിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച എസ്.ഡി.പി.ഐ അംഗങ്ങളുടെ നിലപാടുകൾ നിർണായകമാകുന്നു. തൂക്കുസഭകളിൽ നിന്ന് രക്ഷപ്പെടാനും ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റിനിർത്താനും ഇടതുമുന്നണിയും ഐക്യമുന്നണിയും എസ്.ഡി.പി.ഐയുടെ സഹായം തേടിയതായാണറിയുന്നത്.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പള ഗ്രാമപഞ്ചായത്തിലും ഭരണത്തിൽ എത്താൻ യു.ഡി.എഫിനെ ആണ് എസ്.ഡി.പി.ഐ പിന്തുണക്കുന്നത്. അതേസമയം മീഞ്ച, വോർക്കാടി പഞ്ചായത്തുകളിൽ എസ്.ഡി.പി.ഐ ഇടതുമുന്നണിക്ക് പിന്തുണ നൽകാനാണ് നീക്കം നടത്തുന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും തുല്യ ശക്തികൾ ആയതിനെ തുടർന്നാണ് ഭരണം നിലനിർത്താൻ യു.ഡി.എഫ് സ്വതന്ത്രരുടെ സഹായം തേടിയത്. കുമ്പള പഞ്ചായത്തിൽ 9 വീതം സീറ്റുകൾ നേടിയ യു.ഡി.എഫും ബി.ജെ.പിയും തുല്യ ശക്തികൾ ആണ്. എസ്.ഡി.പി.ഐയുടെ രണ്ട് സ്വതന്ത്രർ ഉൾപ്പെടെ നാലു മറ്റുള്ളവർ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണ ലഭിക്കുന്നവർ അധികാരത്തിലെത്തും.

മീഞ്ചയിൽ 6 അംഗങ്ങളുള്ള ബി.ജെ.പിയെ പുറത്താക്കാൻ ഇടതുമുന്നണിക്ക് എസ്.ഡി.പി.ഐയുടെ പിന്തുണ ആവശ്യമാണ്. എൽ.ഡി.എഫിന് നാലും യു.ഡി.എഫിന് മൂന്നും അംഗങ്ങളാണ് ഇവിടെയുള്ളത്. അഞ്ച് അംഗങ്ങൾ ഇടതുമുന്നണിക്കും നാല് അംഗങ്ങൾ യു.ഡി.എഫിനും ലഭിച്ചിട്ടുള്ള വോർക്കാടി പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണത്തിൽ എത്താൻ രണ്ടു സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ വേണം. എസ്.ഡി.പി.ഐയുടെ രണ്ടുപേരാണ് ഇവിടെ നിന്നും ജയിച്ചിട്ടുള്ളത്. പൈവളിഗെ പഞ്ചായത്തിൽ യു.ഡി.എഫ് പിന്തുണ എൽ.ഡി.എഫിനാണ്. ഇടതുമുന്നണിക്ക് ഏഴ് അംഗങ്ങളും യു.ഡി.എഫിന് മൂന്നുപേരുമുള്ള പൈവളിഗെയിൽ ബി.ജെ.പിക്ക് എട്ട് അംഗങ്ങൾ ഉണ്ട്. ഇവിടെയും ഒരു എസ്.ഡി.പി.ഐ അംഗത്തിന്റെ നിലപാട് നിർണ്ണായകമാണ്.

കാറഡുക്കയിൽ ആറുപേരുള്ള ബി.ജെ.പിയെ പുറത്ത് നിർത്താൻ നാലു പേരുള്ള ഇടതുമുന്നണിയും മൂന്നു പേരുള്ള യു.ഡി. എഫും ഒരുമിക്കും. യു.ഡി.എഫിനും ബി.ജെ.പിക്കും എട്ട് അംഗങ്ങൾ വീതമുള്ള ബദിയടുക്കയിൽ രണ്ട് അംഗങ്ങൾ ഉള്ള ഇടതുമുന്നണിയുടെ നിലപാട് നിർണായകമാണ്. ഇവർ യു.ഡി.എഫിന് പിന്തുണ നൽകിയാൽ ബി.ജെ.പി ഭരണത്തിൽ നിന്ന് പുറത്തുനിൽക്കേണ്ടി വരും. 6 അംഗങ്ങൾ വീതം യു.ഡി.എഫിനും ബി.ജെ.പിക്കും ഉള്ള കുമ്പഡാജെ പഞ്ചായത്തിലും ഒരു എൽ.ഡി.എഫ് സ്വതന്ത്രന്റെ നിലപാട് നിർണ്ണായകമാണ്.

ബി.ജെ.പിയെ പുറത്തിരുത്തി എസ്.ഡി.പി.ഐയുടെ സഹായത്തോടെ പഞ്ചായത്ത് ഭരണത്തിൽ എത്താനാണ് നീക്കം. ജനാധിപത്യം അട്ടിമറിക്കാനുള്ള ഈ നീക്കത്തെ ചെറുക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ അങ്ങോട്ടും ദ്രോഹിക്കും. ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്ന് ഇരുമുന്നണിയും ഓർക്കുന്നത് നല്ലതാണ്.

അഡ്വ. കെ. ശ്രീകാന്ത് (ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ്)